എറണാകുളം: നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച ശബ്‌ദരേഖ പുറത്ത്. ദിലീപിന്‍റെ സഹോദരി ഭർത്താവ് സുരാജ് ആലുവയിലെ ആശുപത്രിയിലുള്ള ഡോ. ഹൈദരലിയുമായി സംസാരിക്കുന്ന സംഭാഷണമാണ് പുറത്ത് വന്നത്. ഇത് അന്വേഷണസംഘം കോടതിയില്‍ പ്രധാന തെളിവായി സമര്‍പ്പിച്ചിട്ടുണ്ട്.
ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്നാണ് സുരാജ് ആവശ്യപ്പെടുന്നത്. എല്ലാ കാര്യങ്ങളും ദിലീപിന്‍റെ അടുത്ത സുഹൃത്തുകൂടിയായ അഭിഭാഷകൻ ഫിലിപ്പ് പറഞ്ഞു തരും. സാക്ഷിവിസ്‌താരം നടക്കുന്നതിന്‍റെ മുമ്പായി ആലുവയിൽ വച്ച് കാണാമെന്നും ഡോക്‌ടറോട് സുരാജ് പറയുന്നു.
സാക്ഷികളായ ഒരോരുത്തരെയും കണ്ട് കൊണ്ടിരിക്കുകയാണെന്നും ഫോൺ സംഭാഷണത്തിൽ നിന്ന് വ്യക്തമാണ്. നടി ആക്രമിക്കപ്പെട്ട സമയത്ത് ആലുവയിലെ ആശുപത്രിയിൽ അഡ്‌മിറ്റായിരുന്നു എന്നാണ് ദിലീപ് വാദിച്ചിരുന്നത്. എന്നാൽ ദിലീപ് അഡ്‌മിറ്റ് ആയിരുന്നില്ല എന്നായിരുന്നു ഡോക്‌ടര്‍ ആദ്യം മൊഴി നൽകിയത്.
ഈ മൊഴി കോടതിയിൽ തിരുത്താനാണ് സുരാജ് ആവശ്യപ്പെടുന്നത്. രേഖകൾ പൊലീസിന്‍റെ കൈവശം ഉണ്ടന്നു ഡോക്ടർ സംശയം പ്രകടിപ്പിച്ചപ്പോൾ കോടതിക്ക് നൽകുന്ന മൊഴിയാണ് ഇനി പ്രധാനമെന്നു സുരാജ് മറുപടി നൽകി. ഡോക്‌ടര്‍ അഭിഭാഷകൻ പഠിപ്പിക്കുന്നതപോലെ പറഞ്ഞാൽ മതി എന്നും സംഭാഷണത്തിൽ ഉണ്ട്.
പ്രോസിക്യൂഷൻ സാക്ഷിയായ ഡോക്ടർ ഡോ. ഹൈദരലി പിന്നീട് കൂറുമാറിയിരുന്നു. വധ ഗൂഢാലോചന കേസിലെ പ്രതിയും ദിലീപിന്‍റെ സഹോദരി ഭർത്താവുമായ സുരാജ് സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന്‍റെ വ്യക്തമായ തെളിവാണ് ഈ ഫോൺ സംഭാഷണം. ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത സുരാജിന്‍റെ ഫോണിൽ നിന്നും ശാസ്ത്രീയമായ പരിശോധനയിലൂടെയാണ് ഈ ഫോൺ സംഭാഷണവും ലഭിച്ചത്.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്‍റെ ഭാഗമായി ക്രൈംബ്രാഞ്ച് സുരാജിനെയും ഉടനെ ചോദ്യം ചെയ്യും. വിചാരണയ്ക്ക് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിലും സുരാജിനെ ചോദ്യം ചെയ്യണമെന്ന് വ്യക്തമാക്കിയിരുന്നു.