എറണാകുളം : നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന്‍റെ സാക്ഷി വിസ്‌താരം ആരംഭിച്ചു. കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതിയിൽ രഹസ്യമായാണ് വിസ്‌താരം. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ കാവ്യ കോടതിയിലെത്തി.
നടൻ ദിലീപിന് വിവാഹത്തിന് മുമ്പ് കാവ്യ മാധവനുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. ഇതിൽ ഇരയായ നടി ഇടപ്പെട്ടതായാണ് ആരോപണം. ഇതുമായി ബന്ധപെട്ട വിഷയങ്ങളാണ് ദിലീപിനെ, നടിയെ ആക്രമിക്കുന്നതിനുള്ള ഗൂഢാലോചനയിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
പൾസർ സുനി കാവ്യയുടെ വസ്‌ത്രാലയത്തിൽ
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി, സംഭവം നടന്ന ശേഷം കാവ്യ മാധവന്‍റെ ഉടമസ്ഥതയിലുള്ള വസ്‌ത്രാലയത്തിൽ എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഈ സമയത്ത് കാവ്യാമാധവൻ അവിടെ ഉണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട ചില രേഖകൾ കൈമാറിയെന്നും പൊലീസ് ആരോപിച്ചു.
ഇത്തരമൊരു സാഹചര്യത്തിലാണ് നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ പ്രോസിക്യൂഷൻ സാക്ഷിയാക്കിയത്. കഴിഞ്ഞ മെയ് മാസത്തിൽ അവർ ഹാജരായിരുന്നെങ്കിലും കാവ്യയുടെ വിസ്‌താരം നടന്നിരുന്നില്ല. ഈ കേസിൽ കോടതിയ്ക്ക് ഉള്ളിൽ നടക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ട്.
കൂടുതൽ സമയം നൽകണമെന്ന് വിചാരണ കോടതി
നടിയെ ആക്രമിച്ച കേസിൽ ഇതുവരെ 178 പേരുടെ വിസ്‌താരമാണ് പൂർത്തിയായത്. കൊവിഡ് സാഹചര്യത്തിൽ വിചാരണ നടപടികൾ തടസപ്പെട്ടു. ഇതേ തുടർന്ന് നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം നൽകണമെന്ന് വിചാരണ കോടതി ആവശ്യപ്പെട്ടു. ഇത് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
ALSO READ: ഇ ബുൾ ജെറ്റ് യൂ ട്യൂബ് ചാനൽ മരവിപ്പിച്ചു ; നിയമവിരുദ്ധമായത് ആഹ്വാനം ചെയ്‌താല്‍ നടപടിയെന്ന് കമ്മിഷണർ