എറണാകുളം: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത (ആക്രമണക്കേസിലെ ഇര) നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറി. ഹർജി പരിഗണിക്കുന്നതിൽ നിന്നും കൗസർ എടപ്പഗത്തിനെ മാറ്റണമെന്ന് അതിജീവിത കഴിഞ്ഞ ദിവസം ഹൈക്കോടതി രജിസ്ട്രിക്ക് അപേക്ഷ നൽകിയിരുന്നുവെങ്കിലും തീരുമാനമെടുത്തിരുന്നില്ല.
ഇന്ന് (മെയ് 24) ഇതേ ബഞ്ചിൽ ഹർജി പരിഗണിക്കാനായി ലിസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അതിജീവിതയുടെ അഭിഭാഷക ബഞ്ച് മാറ്റം വീണ്ടും കോടതിയിൽ ആവശ്യപ്പെട്ടതിനു പിന്നാലെ ജഡ്‌ജി പിന്മാറുകയായിരുന്നു. കീഴ്‌ക്കോടതിയിൽ നടി നൽകിയ മറ്റൊരു ഹർജി പരിഗണിച്ചതിനാൽ ഈ കേസിൽ വാദം കേൾക്കാനാകില്ലെന്നായിരുന്നു അതിജീവിതയുടെ നിലപാട്.
രാഷ്ട്രീയ സമ്മർദത്തിന്‍റെ പേരിൽ കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമം, ഭരണമുന്നണിയിലെ ചില രാഷ്ട്രീയക്കാരും ഇതിനായി സ്വാധീനം ചെലുത്തുന്നുണ്ട് തുടങ്ങീയ ഗുരുതരമായ ആരോപണങ്ങൾ സർക്കാരിനെതിരെ ഉന്നയിച്ചുകൊണ്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.
കൂടാതെ ആക്രമണ ദൃശ്യങ്ങൾ ചോർന്നതിൽ വിചാരണക്കോടതി ജഡ്‌ജിക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. കുറ്റവാളികളെ രക്ഷിക്കാനുള്ള താത്പര്യമാണ് വിചാരണക്കോടതി ജഡ്‌ജിയുടേതെന്ന് സംശയിക്കുന്നതായും ഹർജിയിൽ ആക്ഷേപമുണ്ടായിരുന്നു.