എറണാകുളം: നടിയെ ആക്രമിച്ച കേസിൽ എട്ട് സാക്ഷികളെ വിസ്‌തരിക്കാൻ പ്രോസിക്യൂഷന് ഹൈക്കോടതിയുടെ അനുമതി. കൂടുതൽ സാക്ഷികളെ വിസ്‌തരിക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യങ്ങൾ തള്ളിയ വിചാരണക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. അഞ്ച് പുതിയ സാക്ഷികളെയും നേരത്തെ വിസ്‌തരിച്ച മൂന്ന് സാക്ഷികളെയും വിസ്‌തരിക്കാനാണ് കോടതി അനുമതി നൽകിയത്.
പത്ത് ദിവസത്തിനകം സാക്ഷികളെ വിസ്‌തരിക്കണമെന്നും കോടതി നിർദേശിച്ചു. കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജി വെച്ച സാഹചര്യത്തിൽ പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണം. അല്ലെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്തണം. പ്രതിഭാഗം നടപടികളുമായി സഹകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
സാക്ഷികളെ രണ്ടാമത് വിസ്‌തരിക്കാന്‍ മതിയായ കാരണം വേണമെന്ന് വാദത്തിനിടെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സാക്ഷികളെ വിസ്‌തരിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും വിസ്‌തരിക്കണമെന്ന ആവശ്യമുന്നയിക്കുന്നത്. ഇത് പ്രോസിക്യൂഷന്‍റെ കേസിന് അനുസൃതമായി സാക്ഷി മൊഴികളുണ്ടാക്കാനാണെന്ന് കോടതി സംശയവും കോടതി പ്രകടിപ്പിച്ചിരുന്നു.
പ്രോസിക്യൂഷന്‍റെ പാളിച്ചകള്‍ മറികടക്കുന്നതിനാകരുത് സാക്ഷികളെ വീണ്ടും വിസ്‌തരിക്കുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നുവെങ്കിലും പ്രോസിക്യൂഷന്‍റെ ആവശ്യങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു.
Also Read: കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം പൊലീസ് സ്റ്റേഷന് മുന്നിലിട്ടു