എറണാകുളം: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മെമ്മറി കാർഡിന്‍റെ പരിശോധന ഫലം പുറത്തുവന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ഹർജിയിലെ ആവശ്യം. തുടരന്വേഷണത്തിന്‍റെ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കൂടുതൽ സമയം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
മെമ്മറി കാർഡിന്‍റെ ഫോറൻസിക് പരിശോധന ഫലം പുറത്തുവന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം അനിവാര്യമാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിലപാട്. കൂടാതെ, കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ മുൻ ഡിജിപി ആർ.ശ്രീലേഖയെ ചോദ്യം ചെയ്യേണ്ടതിന്‍റെ ആവശ്യകതയും ഹർജിയിൽ ബോധിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ ഫോറൻസിക് ലാബിന്‍റെ റിപ്പോർട്ടനുസരിച്ച് മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മൂന്ന് തവണ മാറിയിട്ടുണ്ട്. അങ്കമാലി മജിസ്ട്രേറ്റ് കോടതി, ജില്ല കോടതി, വിചാരണക്കോടതി എന്നിവിടങ്ങളിൽ വച്ചായിരുന്നു മെമ്മറി കാർഡ് അനധികൃതമായി തുറക്കപ്പെട്ടത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ക്രൈംബ്രാഞ്ച് ഇന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കും. നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു കോടതിയുടെ കസ്റ്റഡിയിലിരിക്കെ മാറിയ സംഭവം ഏറെ ഗൗരവകരവും തുടരന്വേഷണത്തിന്‍റെ ഗതി തന്നെ മാറ്റിയേക്കാവുന്നതാണ്.