എറണാകുളം : നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് എട്ടാം പ്രതിയും നടനുമായ ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാറിന്‍റെ വിശദീകരണം തേടി. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലുള്ള തുടരന്വേഷണം തടയണമെന്നാണ് ഹർജിയിലെ ആവശ്യം. അടുത്ത ചൊവ്വാഴ്‌ച കേസ് വീണ്ടും കോടതി പരിഗണിക്കും.
നടപടിക്രമം പാലിക്കാതെയാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്‍റെ ആരോപണം. വിചാരണ വൈകിപ്പിക്കുകയാണ് തുടരന്വേഷണത്തിന്‍റെ ലക്ഷ്യം. വിചാരണ ഒരു മാസം നീട്ടിവച്ചത് നീതീകരിക്കാനാവില്ല. വിചാരണക്കോടതിയുടെ അനുമതി ലഭിക്കും മുമ്പാണ് തുടരന്വേഷണം ആരംഭിച്ചതെന്നും ദിലീപ് പറയുന്നു.
Also Read: വധ ഗൂഢാലോചനക്കേസിന്‍റെ എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കും : അഡ്വ. ബി.രാമൻ പിള്ള
വിചാരണ കോടതിയിൽ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാണ് ദിലീപിന്‍റെ ആവശ്യം. അതേസമയം തുടരന്വേഷണത്തിന് അനുമതി തേടി നേരത്തെ വിചാരണ കോടതിയിൽ ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയിരുന്നു. എന്നാൽ തുടരന്വേഷണമെന്നത് ചുമതലപ്പെട്ട ഉദ്യോഗസ്ഥന് തീരുമാനിക്കാമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.
തുടരന്വേഷണം പൂർത്തിയാക്കാൻ ആറുമാസത്തെ സമയം ആവശ്യപ്പെട്ടെങ്കിലും ഒരു മാസത്തെ സമയമാണ് വിചാരണ കോടതി അനുവദിച്ചത്. ഇതിനെതിരെ ക്രൈം ബ്രാഞ്ച് അപ്പീൽ നൽകാനിരിക്കെയാണ് പ്രതിയായ ദിലീപ് പുതിയ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.