എറണാകുളം: നടിയെ അക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നു വിചാരണ കോടതി. ജനുവരി 20നകം റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശിച്ചത്.
സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിൽ സാക്ഷിവിസ്‌താരം നിർത്തിവയ്ക്കണമെന്നും തുടരന്വേഷണം നടത്തണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തുടരന്വേഷണത്തിന് പ്രത്യേകമായ അനുമതിയുടെ ആവശ്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന് ഈ വിഷയത്തിൽ തീരുമാനമെടുക്കാമെന്നുമാണ് കോടതി വ്യക്തമാക്കിയത്. സാക്ഷിവിസ്‌താരം നിർത്തിവയ്ക്കണമെന്ന ഹർജി പരിഗണിക്കുന്നതും കോടതി 20-ാം തീയതിയിലേക്ക് മാറ്റി.
നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനിയുമായി ദിലീപിന് ബന്ധമുണ്ടെന്നും നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്നും ദിലീപ് ദൃശ്യങ്ങൾ കണ്ടതിന് താൻ സാക്ഷിയാണെന്നുമായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ.
എട്ടാം പ്രതി ദിലീപിനെതിരായ ബാലചന്ദ്രകുമാറിന്‍റെ മൊഴി മുദ്രവച്ച കവറിൽ പൊലീസ് കോടതിയിൽ സമർപ്പിച്ചു. എന്നാൽ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് പിന്നിൽ പ്രോസിക്യൂഷനാണെന്നാണ് പ്രതിഭാഗത്തിന്‍റെ നിലപാട്.
പ്രോസിക്യൂഷന് വേണ്ടി ഇന്ന് ആരും കോതിയിൽ ഹാജരായില്ല. വിസ്‌താരത്തിനായി സാക്ഷികളും എത്തിയിരുന്നില്ല. ഇതേ തുടർന്നാണ് കേസ് പരിഗണിക്കുന്നത് 20-ാം തീയതിയിലേക്ക് മാറ്റിയത്. പ്രതിഭാഗം അഭിഭാഷകൻ ആവശ്യപെട്ടതിനെ തുടർന്ന് ഒന്നാം പ്രതി പൾസർ സുനിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.