എറണാകുളം: ആടുജീവിതം സിനിമയുടെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ജോർദാനില് കുടുങ്ങി. നടൻ പൃഥ്വിരാജ്, സംവിധായകൻ ബ്ലെസി ഉൾപ്പടെയുള്ള 58 സംഘമാണ് ലോക്ഡൗണിനെ തുടർന്ന് ജോർദാൻ മരുഭൂമിയിൽ കുടുങ്ങിയത്. കൊവിഡ് പശ്ചാത്തലത്തിൽ ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഷൂട്ടിങ് നിർത്തിയിരിക്കുകയാണെന്നും ലൊക്കേഷനായ വാദിറം മരുഭൂമിയിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കണമെന്നും അഭ്യർഥിച്ച് ഫിലിം ചേമ്പറിന് സംവിധായകൻ ബ്ലെസി സന്ദേശമയച്ചു. സഹായം അഭ്യർഥിച്ച് ഫിലിം ചേമ്പർ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് കത്ത് നൽകി.
കഴിഞ്ഞ ഒരു മാസമായി ഇവർ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദാനിലുണ്ട്. ജോർദാനിലെ കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ചിത്രീകരണം ഇടയ്ക്ക് നിർത്തിയെങ്കിലും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇടപെടലിനെ തുടർന്ന് ഷൂട്ടിങ് തുടരാൻ അനുമതി ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ നാലു ദിവസമായി നിയന്ത്രണങ്ങൾ കൂടുതൽ കർശനമായതോടെ ചിത്രീകരണം നിർത്തി. ഈ മാസം എട്ടാം തീയതി വരെയാണ് സിനിമാ സംഘത്തിന്റെ വിസാ കാലാവധിയെന്നതും ആശങ്കയുണ്ടാക്കുന്നതായി ഇവർ അറിയിച്ചതായാണ് വിവരം. അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തി വെക്കുകയും രാജ്യത്ത് ലോക്ഡൗൺ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സിനിമാ സംഘത്തെ ജോർദാനിലെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമമായിരിക്കും അധികൃതർ നടത്തുക.
ആടുജീവിതമെന്ന പ്രവാസിയുടെ ജീവിത കഥ പറയുന്ന ബെന്യാമിന്റെ മലയാള നോവലിനെ അടിസ്ഥാനമാക്കിയുള്ള ബിഗ് ബജറ്റ് ചിത്രമാണ് ആടുജീവിതം. നടൻ പൃഥ്വിരാജിന്റെ അഭിനയ ജീവിതത്തിൽ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രമാവുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം കൂടിയാണിത്. ജോർദാൻ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. പൃഥ്വിരാജിന്റെ ഞെട്ടിക്കുന്ന മേക്ക് ഓവറാണ് ആടുജീവിതത്തിൽ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.