എറണാകുളം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് അഭിവാദ്യമര്‍പ്പിച്ച പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി. അഭിവാദ്യമർപ്പിച്ച പൊലീസുകാരെ സസ്പെന്‍റ് ചെയ്തു. കൊച്ചി സിറ്റി പരിധിയിലെയും എറണാകുളം റൂറലിലെയും അഞ്ച് പൊലീസുകാരെയാണ് സസ്പെന്‍റ് ചെയ്തത്. സർവീസ് ചട്ടം ലംഘിച്ചതിനാണ് നടപടി സ്വീകരിച്ചത്. കൊച്ചി സിറ്റി പരിധിയിലെ പൊലീസുകാർക്കെതിരെ അഡീഷണൽ കമ്മിഷണർ കെ. പി. ഫിലിപ്പാണ് നടപടി എടുത്തത്. റൂറൽ പരിധിയിലെ പോലീസുകാരെ എസ്.പി കെ. കാർത്തിക്കാണ് സസ്പെന്‍റ് ചെയ്തത്.
എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് അനുഭാവികളായ പൊലീസുദ്യോഗസ്ഥരാണ് കഴിഞ്ഞ ദിവസം ചട്ടലംഘനം നടത്തിയത്. കൊച്ചി സിറ്റി കണ്‍ട്രോള്‍ റൂം എഎസ്ഐ ഷിബു ചെറിയാന്‍, ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ് എഎസ്ഐ ജോസ് ആന്‍റണി, തൃപ്പൂണിത്തുറ പൊലീസ് ക്യാമ്പിലെ സിപിഒ ദിലീപ് സദാനന്ദന്‍, കല്ലൂര്‍ക്കാട് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജു, കളമശ്ശേരി ക്യാമ്പിലെ സിപിഒ സില്‍ജന്‍ എന്നിവരാണ് രമേശ് ചെന്നിത്തലയ്ക്ക് അഭിവാദ്യമര്‍പ്പിക്കാനായി എറണാകുളം ഡിസിസി ഓഫീസിലെത്തിയത്.
പൊലീസ് അസോസിയേഷന്‍ മുന്‍ ഭാരവാഹികളും കോണ്‍ഗ്രസ് അനുഭാവികളുമായ പൊലീസുദ്യോഗസ്ഥര്‍ രമേശ് ചെന്നിത്തലയെ ഷാളണിയിക്കുന്നതിന്‍റെയും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ക്കൊപ്പം നില്‍ക്കുന്നതിന്‍റെയും ചിത്രങ്ങളാണ് പുറത്തുവന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് ചട്ടം. എന്നാൽ ഇത് പരസ്യമായി ലംഘിച്ചാണ് ഐശ്വര്യകേരള യാത്രക്ക് അഭിവാദ്യമര്‍പ്പിച്ചത്. സംഭവത്തില്‍ സംസ്ഥാന ഇന്‍റലിജന്‍സും ജില്ലാ സ്പെഷല്‍ ബ്രാഞ്ചും അന്വേഷണം നടത്തിയിരുന്നു. ഇതേ തുടർന്നാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.