എറണാകുളം: സാമൂഹ്യ വിരുദ്ധരുടെ ക്രൂരത മിണ്ടാപ്രാണികളോടും. കവളങ്ങാട് പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ തലക്കോട് ചുള്ളിക്കണ്ടത്ത് കന്നുകാലികളുടെ ദേഹത്ത് സാമൂഹ്യ വിരുദ്ധർ ആസിഡ് ഒഴിച്ചു പൊള്ളിച്ചു.
സംഭവത്തിൽ പ്രദേശവാസികളായ വർക്കി കുര്യൻ, ഷൈജൻ തങ്കപ്പൻ, ബേബി കുര്യാക്കോസ് എന്നിവർ ഊന്നുകൽ പൊലീസിൽ പരാതി നൽകി. ഒരു വർഷത്തിലധികമായി പ്രദേശത്ത് തന്നെയുള്ള ചില സാമൂഹ്യ വിരുദ്ധർ കന്നുകാലികളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചു വരികയാണെന്ന് പരാതിക്കാർ പറഞ്ഞു.
Also Read: 'നീ ഏത് മറ്റവൻ ആയാലും ഞാൻ സി.ഐ ഫര്‍സാദ്'; മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകന് ക്രൂര മര്‍ദനം
പൊള്ളലേറ്റ പശുക്കൾ ചത്തുപോയെന്നും നിരവധി കന്നുകാലികളെ കാണാതായെന്നും ഇവർ പറയുന്നു. സമീപത്തെ പ്ലാൻ്റേഷനിൽ മേയാൻ വിടുന്ന കന്നുകാലികളാണ് കൂടുതതലായി ആക്രമണത്തിന് ഇരയാകുന്നത്. കൃഷിയും കന്നുകാലി വളർത്തലും തൊഴിലാക്കിയവരാണ് തങ്ങളെന്നും സാമൂഹ്യ വിരുദ്ധരുടെ പ്രവൃത്തി മൂലം തങ്ങളുടെ ഉപജീവന മാർഗം അടഞ്ഞെന്നും പ്രദേശവാസികൾ പറഞ്ഞു.
നേരത്തെ ഊന്നുകൽ പൊലീസിൽ ഇതു സംബന്ധിച്ച് പരാതി നൽകിയിരുന്നെങ്കിലും സംഭവത്തിൽ ഉൾപ്പെട്ടവരെ പിടികൂടാനായിരുന്നില്ല. ഇക്കഴിഞ്ഞ ദിവസങ്ങളിലും കന്നുകാലികൾക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായതോടെയാണ് നാട്ടുകാർ വീണ്ടും പരാതിയുമായി രംഗത്ത് വന്നത്. സാമൂഹ്യ വിരുദ്ധരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് വാർഡ് അംഗം രാജേഷ് കുഞ്ഞുമോൻ ആവശ്യപ്പെട്ടു.