എറണാകുളം: വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ച് സ്വർണം കവർന്ന കേസിലെ പ്രതി പിടിയിലായി. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ടിജു ജോർജി(33) നെയാണ് കൊച്ചി പനങ്ങാട് പൊലീസ് പിടികൂടിയത്.
തൃശൂർ സ്വദേശിനിയായ യുവതിയുടെ പക്കൽനിന്നും 15 പവൻ സ്വർണമാണ് ഇയാൾ കവർന്നത്. ബെംഗളുരുവിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. വിവാഹ വെബ്സൈറ്റ് വഴിയാണ് പ്രതി യുവതിയെ പരിചയപ്പെട്ടത്. ഇന്‍റിഗോ, എയർ ഏഷ്യാ വിമാന കമ്പനികളിൽ പൈലറ്റായി ജോലി ചെയ്‌തിരുന്നുവെന്നും, ഉടൻ കാനഡയിൽ പൈലറ്റായി ജോലിയിൽ പ്രവേശിക്കുമെന്നും ഇയാൾ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു.
പൈലറ്റിന്‍റെ വേഷത്തിലുള്ള ഫോട്ടോ കാണിച്ചാണ് യുവതിയെ പ്രതി തെറ്റിദ്ധരിപ്പിച്ചത്. പെണ്ണുകാണൽ ചടങ്ങ് വരെ പെൺകുട്ടിയുടെ വീട്ടുകാരുടെ സാന്നിധ്യത്തിൽ നടത്തിയിരുന്നു. നേരത്തെ വിവാഹം കഴിച്ചിരുന്നുവെങ്കിലും ഭാര്യ മരിച്ചുവെന്നാണ് പ്രതി ടിജു യുവതിയെ വിശ്വസിപ്പിച്ചത്. ഇതിനിടെ ഈ വർഷം ജനുവരി 29ന് പ്രതിയുടെ ബർത്ത്‌ഡേ പാർട്ടിയ്‌ക്കെത്തിയ യുവതിയെ കുമ്പളത്തെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചു. മറ്റൊരു ദിവസവും സമാനമായ രീതിയിൽ ബലപ്രയോഗത്തിലൂടെ കാറിൽ വച്ച് പീഡിപ്പിക്കുകയും സ്വർണം തട്ടിയെടുക്കുകയും ചെയ്‌തു.
സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് മറ്റൊരു ഭാര്യയുണ്ടെന്നും തട്ടിപ്പിനിരയായതായും യുവതി മനസിലാക്കി. തുടർന്ന് ഏപ്രിൽ ഒന്നിന് യുവതി പൊലീസിൽ പരാതി നൽകി. പ്രതിയെ ചോദ്യം ചെയ്‌തതിൽ നിന്നും സമാനമായ രീതിയിൽ മലേഷ്യയിൽ മറ്റൊരു പേരിൽ തട്ടിപ്പ് നടത്തിയതും, അവിടെ നിന്നും നാട് കടത്തിയതാണെന്നും പൊലീസ് കണ്ടെത്തി. ടിജു ജോർജിനെതിരെ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലും കേസുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌ത ടിജുവിനെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് കൂടുതൽ ചോദ്യം ചെയ്യും.