എറണാകുളം: ചിപ്പി കൂൺ കൃഷിയിലൂടെ അത്ഭുതങ്ങള്‍ സൃഷ്‌ടിച്ച് പത്തൊമ്പത്കാരന്‍. എറണാകുളം സെന്‍റ് ആൽബർട്ട്സ് കോളേജിലെ രണ്ടാം വർഷ ബിരുദവിദ്യാർത്ഥിയായ ടി എസ് അഭിനവാണ് ചിപ്പി കൂൺ കൃഷിയിലൂടെ സംരഭകനായത് (Oyster Mushrooms cultivation). കേവലം നാല് മാസം മുമ്പ് ആരംഭിച്ച 'അഭിനവ് മഷ്റൂം' (Abhinav Mushroom) എന്ന ചിപ്പി കൂൺ ബ്രാന്‍റിന്‍റെ ഉടമയായ പത്തൊമ്പത് കാരന്‍റെ പ്രതിമാസ വരുമാനം ഒരു ലക്ഷത്തോളമാണ്.
പഠനത്തോടൊപ്പം സംരംഭമെന്ന അഭിനവിന്‍റെ ആശയവും, റിട്ടേയേർഡ് സ്‌കൂൾ ടീച്ചർ ആയ അമ്മയുടെ പിന്തുണയും ഒത്തുചേർന്നതോടെയാണ് അഭിനവ് മഷ്റൂം ബ്രാന്‍റ് യാഥാർത്ഥ്യമായത്. കൂൺ കൃഷിയുടെ സാധ്യതകൾ തിരിച്ചറിഞ്ഞാണ് വീടിന് മുകളിൽ ചിപ്പി കൂൺ കൃഷി ആരംഭിച്ചത്.
തേങ്ങയുടെ ചകിരി ചോറിലായിരുന്നു കൂൺ കൃഷി തുടങ്ങിയത്. എട്ട് പാക്കറ്റ് ചകിരി ചോറിൽ കൂൺ കൃഷി നടത്താനുള്ള ശ്രമം പരാജയപ്പെട്ടു. എന്നാൽ പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയായി കണ്ട് അറക്കപ്പൊടിയിൽ കൂൺ കൃഷി ചെയ്യാനുള്ള പരീക്ഷണമായിരുന്നു അടുത്തത്, ഇതാവട്ടെ വിജയിക്കുകയും ചെയ്‌തു. ഇരുപത് ബാഗിലായിരുന്നു കുൺ കൃഷി നടത്തിയത്. വിളവെടുത്തപ്പോൾ അയൽപ്പക്കത്തുള്ളവർക്ക് വിതരണം ചെയ്‌തു. വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ഇതോടെയാണ് അഭിനവും അമ്മ റോസിയും കൂൺ കൃഷിയുടെ വിപണന സാധ്യത തിരിച്ചറിഞ്ഞത്. നിലവിലെ വിപണിയിൽ ചിപ്പി കൂണുകളുടെ ലഭ്യതക്കുറവ് കൂടി അനുകൂലമായതോടെയാണ് കൂൺ കൃഷി വിപുലപ്പെടുത്താൻ കഴിഞ്ഞത്. ടെറസിന് മുകളിൽ ആയിരം ചതുരശ്ര അടി വിസ്‌തീർണ്ണത്തിലാണ് കൂൺ കൃഷി നടത്തുന്നത്. ഇതിനായി ഒരു ഡാർക്ക് റൂമും, രണ്ട് പ്രൊഡക്ഷൻ റൂമുമാണ് ക്രമീകരിച്ചത്.
അറക്കപ്പൊടി പ്ലാസ്റ്റിക്ക് കവറിൽ നിറച്ച് ചിപ്പി കൂൺ വിത്തുകൾ നിക്ഷേപിച്ച് ഡാർക്ക് റൂമിൽ ഇരുപത്തിയെട്ട് ദിവസം സൂക്ഷിക്കണം. തുടർന്ന് ഒരാഴ്‌ചയോളം പ്രൊഡക്ഷൻ റൂമിൽ സൂക്ഷിച്ച് കൂൺ വളർന്നതിന് ശേഷമാണ് കൂൺ ശേഖരിക്കുന്നതെന്നും അഭിനവ് വിശദീകരിച്ചു. താപനില 28 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിച്ചാണ് കൂൺ കൃഷി നടത്തുന്നത്. ഡാർക്ക് റൂമിൽ നിന്ന് പ്രൊഡക്ഷൻ റൂമിലേക്ക് മാറ്റിയാൽ രണ്ടോ, മൂന്നോ ദിവസം വെള്ളം സ്പ്രേ ചെയ്‌തു നൽകണം.
അങ്ങേയറ്റം വൃത്തിയോടെയായിരിക്കണം കൂണുകൾ പരിപാലിക്കേണ്ടത്. പ്രൊഡക്ഷൻ റൂമിലേക്ക് അമ്മയും അഭിനവും കയ്യുറകൾ ധരിച്ച് മാത്രമേ പ്രവേശിക്കാറുള്ളൂ. ദിനം പ്രതി അഞ്ച് കിലോയോളമാണ് വിളവെടുപ്പിൽ ലഭിക്കുന്നത്. സാധാരണ അന്തരീക്ഷ ഊഷ്‌മാവിൽ മൂന്ന് ദിവസം വരെ കൂൺ സൂക്ഷിക്കാൻ കഴിയും. ഫ്രിഡ്‌ജിൽ ആണെങ്കിൽ രണ്ടാഴ്‌ചയോളം കേട് കൂടാതെ സൂക്ഷിക്കാൻ കഴിയും.
അഭിനവ് മഷ്റൂം എന്ന സ്വന്തം ബ്രാന്‍റിനായി അഭിനവ് വലിയ രീതിയിലുള്ള പ്രചാരണമൊന്നും നടത്തുന്നില്ലെങ്കിലും, ഉപയോഗിച്ച് അറിഞ്ഞ വരിലൂടെ സ്ഥിരം ഉപഭോക്താക്കളെ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. നാട്ടുകാർ, ഡോക്ട്ടർമാർ ഉൾപ്പടെയുള്ള പ്രൊഫഷണലുകൾ, സ്വന്തം കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളുമൊക്കെയാണ് ഉപഭോക്താകളിൽ വലിയൊരു വിഭാഗം. കൊച്ചിയിലെ ചില സൂപ്പർ മാർക്കറ്റുകളിലൂടെയും കൂൺ വില്‍പന നടത്തുന്നുണ്ട്.
ഇതോടെയാണ് ചില വൻകിട കമ്പനികൾ അഭിനവിനെ സമീപിക്കുകയും അഭിനവ് മഷ്റൂം ബ്രാന്‍റിനെ കുറിച്ച് വിവരങൾ തേടുകയും ചെയ്‌തത്. അവരുമായി ധാരണയിലെത്തിയാൽ വിപുലമായ ഉല്‍പാദനത്തിലേക്ക് കടക്കാനാകുമെന്നാണ് അഭിനവ് പ്രതീക്ഷിക്കുന്നത്. വിപണി തന്നെയാണ് പ്രധാന വെല്ലുവിളിയെന്ന് അഭിനവിന്‍റെ അമ്മ റോസിയും പറയുന്നു. പഠനത്തോടൊപ്പം സ്വന്തമായി ഒരു സംരംഭം തുടങ്ങിയ മകനെ കുറിച്ച് തനിക്ക് അഭിമാനമാണുള്ളതെന്നും അവർ പറഞ്ഞു.
നിലവിൽ കൃഷിക്ക് ആവശ്യമായ വിത്തുകൾ വാങ്ങിയാണ് ഉപയോഗിക്കുന്നത്. ഭാവിയിൽ വിത്തും സ്വന്തമായി നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. കൂൺ കൃഷി വിപുലമാക്കുന്നതോടൊപ്പം കൊച്ചിയിലൊരു മഷ്റൂം ഹോട്ടൽ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും അഭിനവ് പറഞ്ഞു. കൂൺ ഉപയോഗിച്ചുള്ള എല്ലാത്തരം വിഭവങ്ങളും ലഭ്യമാകുന്ന ഇത്തരമൊരു സംരഭത്തിന് വലിയ സ്വീകാര്യതയാണ് പ്രതീക്ഷിക്കുന്നത്.
ഇതോടൊപ്പം പോഷക സമ്പന്നമായ കൂൺ മലയാളിയുടെ ഭക്ഷണത്തിന്‍റെ ഭാഗമാക്കിയെടുക്കുന്നതിന് താനൊരു പ്രചോദനമായി തീരണമെന്നാണ് അഭിനവ് ആഗ്രഹിക്കുന്നത്. കോളേജിലെ വിദ്യാർത്ഥികളും, അധ്യാപകരും വലിയ പിന്തുണയാണ് നൽകുന്നതെന്നും ടി. എസ് അഭിനവ് വ്യക്തമാക്കി.