എറണാകുളം : അഭയ കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിനെതിരെ സമര്‍പ്പിച്ച ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. സര്‍ക്കാരിന് പുറമേ ജയില്‍ ഡിജിപിക്കും സിബിഐക്കും പ്രതികളായ ഫാ.തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും കോടതി നോട്ടിസ് അയച്ചു.
സിബിഐ കോടതി ശിക്ഷിച്ച അഭയ കേസ് പ്രതികൾക്ക് അഞ്ചുമാസം തികയുന്നതിന് മുന്‍പ് പരോള്‍ അനുവദിച്ചത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
പരോള്‍ അനുവദിച്ചത് സുപ്രീംകോടതി നിയോഗിച്ച ഹൈപവര്‍ കമ്മിറ്റിയാണെന്ന ജയില്‍ ഡിജിപിയുടെ വിശദീകരണം തെറ്റാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഉത്തരവ് പ്രകാരം ജയില്‍ ഹൈപവര്‍ കമ്മിറ്റി പത്ത് വര്‍ഷത്തില്‍ താഴെ ശിക്ഷിച്ച പ്രതികള്‍ക്കാണ് പരോള്‍ അനുവദിച്ചിട്ടുള്ളത്.
Read more: അഭയ കേസിലെ പ്രതികൾക്ക് പരോൾ : ചോദ്യം ചെയ്‌ത് ഹൈക്കോടതിയിൽ ഹർജി
2020 ഡിസംബർ 23നാണ് കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂരിനേയും സിസ്റ്റർ സെഫിയേയും വിചാരണ കോടതി ശിക്ഷിച്ചത്. കോട്ടൂരിന് ഇരട്ട ജീവപര്യന്തവും കഠിനതടവും, സെഫിക്ക് ജീവപര്യന്തവും കഠിനതടവുമാണ് സിബിഐ കോടതി വിധിച്ചത്.
28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി ശിക്ഷിച്ചത്. ജീവപര്യന്തം തടവിന് വിധിച്ച പ്രതികൾക്ക് കഴിഞ്ഞ 11നാണ് പരോള്‍ ലഭിച്ചത്.