എറണാകുളം: ഡെങ്കിപ്പനി സ്ഥിരീകരിച്ച ആയവന ഗ്രാമപഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യ വിഭാഗം. പഞ്ചായത്തിലെ അഞ്ചല്‍പെട്ടി ,കക്കാട്ടൂർ, കാലാമ്പൂര്, കാവക്കാട്, ആയവന പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
പഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ ആയവന, ആവോലി, മഞ്ഞള്ളൂര്‍ പഞ്ചായത്തുകളിലെ മുഴുവന്‍ ആശാവര്‍ക്കര്‍മാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി ചേർന്നാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഡെങ്കിപ്പനി സ്ഥിരീകരിച്ച ഉടനെ തന്നെ രോഗം കണ്ടെത്തിയ പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ ഫോമിങ് നടത്തിയിരുന്നു. രാവിലെയും വൈകിട്ടുമായാണ് പ്രദേശങ്ങളിൽ ഫോമിങ് നടത്തുന്നത്.
പഞ്ചായത്തില്‍ നാല് വാർഡുകളിലായി ആറ് പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഫോമിങ് അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതോടെ രോഗം പടര്‍ന്ന് പിടിക്കുന്നത് കൂടുതൽ തടയാനായതായി ആരോഗ്യ വിഭാഗം വ്യക്തമാക്കി. പ്രദേശത്തെ കോഴിയില്ലാത്ത ഫാമുകളില്‍ കോഴിക്ക് വെള്ളം കൊടുക്കുന്ന പാത്രത്തില്‍ കെട്ടികിടക്കുന്ന വെള്ളം, റബർ തോട്ടങ്ങൾ അടക്കമുള്ളവയില്‍ കെട്ടികിടക്കുന്ന മഴവെള്ളമടക്കമുള്ളവ ശുചീകരിച്ച് കൊതുക് വളര്‍ച്ച തടയുകയാണ് ഡെങ്കിപ്പനിയുടെ പ്രധാന പ്രതിരോധ പ്രവര്‍ത്തനം. പ്രദേശത്തെ ടാപ്പിങ് നടക്കാത്ത റബര്‍തോട്ടം ഉടമകള്‍ക്ക് ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ നോട്ടീസ് നല്‍കി.