എറണാകുളം : കൊച്ചി നെട്ടൂരില്‍ പാലക്കാട് സ്വദേശിയായ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. റോഡില്‍ വച്ച് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പ്രതി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്‌തിരുന്ന പാലക്കാട് സ്വദേശി അജയ്‌കുമാര്‍ ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. സുരേഷിന്‍റെ ഭാര്യ, അജയ്‌കുമാറുമായി പ്രണയത്തിലായതാണ് കൊലയ്ക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം.
സുരേഷിന്‍റെ ഭാര്യയും അജയ്‌കുമാറും ഒന്നിച്ച് ജോലി ചെയ്‌ത് വരികയായിരുന്നു. അജയ്‌കുമാറിനെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതി കൊച്ചിയിലെത്തിയത്. ഹോട്ടലിൽ വച്ച് സുരേഷ്, അജയ്‌കുമാറിനെ കാണുകയും വാക്കുതർക്കത്തിനിടെ തലയ്ക്കടിക്കുകയുമായിരുന്നു.
അവിടെ നിന്നും ഓടി രക്ഷപ്പെട്ട അജയ്‌കുമാറിനെ പിന്തുടര്‍ന്ന് സുരേഷ് റോഡില്‍ വച്ച് ആക്രമിച്ച് കൊലപ്പെടുത്തി. കാറിന്‍റെ വീൽ സ്‌പാനർ ഉപയോഗിച്ചാണ് പ്രതി അജയ്‌കുമാറിനെ ആക്രമിച്ചത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെട്ടി അജയ്‌കുമാറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രതി സുരേഷിന്‍റെ കാറും, കൊല്ലപ്പെട്ട അജയ്‌കുമാർ ഓടിച്ചിരുന്ന ഇരുചക്ര വാഹനവും പൊലീസ് സംഭവ സ്ഥലത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് സംഘം സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രതിക്കെതിരെ കൊലപാതകത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.