കൊച്ചി : കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് ചിത്രീകരണത്തിന് അനുമതി ലഭ്യമാകാത്തതിനെ തുടര്‍ന്ന് ഏഴ് സിനിമകളുടെ ഷൂട്ടിംഗ് ഇതരസംസ്ഥാനങ്ങളിലേക്ക് മാറ്റി.
തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ ചിത്രീകരിക്കാനാണ് ചലച്ചിത്ര സംഘടനകളുടെയും അണിയറ പ്രവര്‍ത്തകരുടെയും തീരുമാനം.
Also Read ഒറ്റ ഫ്രെയിമില്‍ ഡയറക്ടറും ആക്ടറും ; ബ്രോ ഡാഡിയുടെ ചിത്രീകരണം ഉടൻ
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ബ്രോഡാഡി ഉള്‍പ്പെടെയുള്ളവ ഇതിലുള്‍പ്പെടും. ചിത്രം വ്യാഴാഴ്ച ഹൈദരാബാദില്‍ തുടങ്ങുമെന്ന് നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍ അറിയിച്ചു.
കേരളത്തില്‍ ചിത്രീകരിക്കാനായിരുന്നു പദ്ധതിയെങ്കിലും അനുമതിയില്ലാത്തതിനാലാണ് പുറത്തേക്ക് മാറ്റാന്‍ നിര്‍ബന്ധിതരായതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഷൂട്ടിംഗ് അനുമതി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി വീണ ജോര്‍ജ്, സിനിമ മന്ത്രി സജി ചെറിയാന്‍ എന്നിവരോട് ചലച്ചിത്ര സംഘടനകളുടെ പ്രതിനിധികള്‍ പലകുറി ആവശ്യമുന്നയിച്ചിരുന്നു.
'അന്‍പത് പേരെവച്ച് ഇന്‍ഡോറിനും അനുമതിയില്ല'
ഇന്‍ഡോര്‍ ആയി അന്‍പത് പേരെ വച്ച് ഷൂട്ട് ചെയ്യാന്‍ അനുമതി തേടിയിട്ടും ലഭ്യമായില്ല. ഈ സാഹചര്യത്തിലാണ് ഇതരസംസ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള തീരുമാനമെന്ന് ആന്‍റണി പെരുമ്പാവൂര്‍ വിശദീകരിക്കുന്നു.
ജീത്തു ജോസഫിന്‍റെ മോഹന്‍ലാല്‍ ചിത്രത്തിനായി ഇടുക്കിയില്‍ സെറ്റ് ഒരുക്കിയിരുന്നു. എന്നാല്‍ ഇതും കേരളത്തിന് പുറത്തേക്ക് മാറ്റിയേക്കും.
ടെലിവിഷന്‍ പരിപാടികള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഷൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതേ രീതിയില്‍ സിനിമയ്ക്കും അനുമതി നല്‍കണമെന്നാണ് ചലച്ചിത്ര സംഘടനകളുടെ ആവശ്യം.
റിലീസ് നീണ്ട് മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം
18 മാസം മുന്‍പേ പൂര്‍ത്തിയായ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം ഇനിയും റിലീസ് ചെയ്യാനായിട്ടില്ല. ഈ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് സിനിമാപ്രവര്‍ത്തകരുടെ നീക്കം.
സിനിമാമേഖലയിലെ സാധാരണ തൊഴിലാളികളെ അവഗണിക്കരുതെന്നും ഇനിയും ചിത്രീകരണം വൈകിയാല്‍ ഇവരുടെ കുടുംബങ്ങള്‍ മുഴുപ്പട്ടിണിയിലാകുമെന്നും ചലച്ചിത്ര സംഘടനകള്‍ ഓര്‍മ്മിപ്പിക്കുന്നു.