എറണാകുളം: ജില്ലയിലെ 272 ബൂത്തുകൾ പ്രശ്നസാധ്യത ബൂത്തുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇതിൽ 30 എണ്ണം കൊച്ചി സിറ്റി പൊലീസ് പരിധിയിലും 246 എണ്ണം ആലുവ റൂറൽ പൊലീസ് പരിധിയിലുമാണ്. ഇത്തരം ബൂത്തുകളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. ജില്ലയിൽ 38 പ്രശ്ന സാധ്യത ബൂത്തുകളിൽ വെബ് കാസ്റ്റിങ് നടത്തും. ബാക്കിയുള്ള പ്രശ്ന സാധ്യത ബൂത്തുകളിൽ വീഡിയോ റെക്കോഡിങ് ആയിരിക്കും നടത്തുക.
ജില്ലയുടെ ഉൾപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന പോളിങ് ബൂത്തുകളുടെ എണ്ണം ആലുവ റൂറൽ പൊലീസ് പരിധിയിൽ പത്താണ്. അതത് ബ്ലോക്ക് പഞ്ചായത്തിൻ്റെയോ കോർപറേഷൻ്റെയോ മുനിസിപ്പാലിറ്റിയുടെയോ കൺട്രോൾ റൂമിൽ നിന്നും ഒരു മണിക്കൂറിനുള്ളിൽ എത്തിപ്പെടാൻ പറ്റാത്ത പോളിങ് ബൂത്തുകളെയാണ് വിദൂര പോളിങ് ബൂത്തുകളായി പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പിനായി ഇത്തരം ബൂത്തുകളിലേക്ക് ഒരു വോട്ടിങ് യന്ത്രം അധികമായി നൽകും. ഉപയോഗിക്കുന്ന യന്ത്രത്തിന് തകരാർ സംഭവിച്ചാൽ വോട്ടെടുപ്പ് തടസപ്പെടാതിരിക്കാനാണ് മുൻകരുതൽ. ജില്ലയിലാകെ 3132 പോളിങ് ബൂത്തുകളാണ് ഉള്ളത്.