എറണാകുളം: ബൈക്ക് ആൻഡ് ബുള്ളറ്റ് ലേഡി റൈഡേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൊച്ചിയിൽ നിന്ന് മൂന്നാറിലേക്ക് ബുള്ളറ്റ് യാത്ര ആരംഭിച്ചു. പ്രളയത്തിനുശേഷം കേരളത്തിന് നഷ്ടപ്പെട്ട ടൂറിസം സാധ്യതകൾ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബുള്ളറ്റ് യാത്ര. എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച യാത്ര അസിസ്റ്റന്‍റ് കലക്ടർ എം.എസ് മാധവിക്കുട്ടി ഫ്ലാഗ് ഓഫ് ചെയ്തു. 25 വിമൻ ഓൺ ബുള്ളറ്റ് എന്ന പേരിലാണ് ബുള്ളറ്റ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. 25 പെൺകുട്ടികളാണ് ബുള്ളറ്റ് യാത്രയുടെ ഭാഗമാകുന്നത്. ഇടുക്കി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും മൂന്നാർ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
സോണിയ ഗ്രേഷ്യസിന്റെ നേതൃത്വത്തിലുള്ള ബുള്ളറ്റ് റൈഡേഴ്സ് കൂട്ടായ്മയിലെ അംഗങ്ങളാണ് യാത്രയിൽ പങ്കെടുക്കുന്നത്. മൂന്നാർ ഹൈ ആൾട്ടിറ്റ്യൂട്ട് ട്രെയിനിങ് സെന്‍റർ ഗ്രൗണ്ടിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ബുള്ളറ്റ് ലേഡി റൈഡേഴ്സിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്. മൂന്നാർ ടൗണിൽ ബുള്ളറ്റ് റാലിയും ഇവർക്കായി സംഘടിപ്പിച്ചിട്ടുണ്ട്. മൂന്നാറിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്ന സംഘം ടൂറിസം പ്രമോഷന് വേണ്ടിയുള്ള സന്ദേശ പ്രചാരണവും നടത്തും. സ്ത്രീ യാത്രികരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും ഇവർക്കുണ്ട്.