തിരുവനന്തപുരം: കരിക്കകം പ്രദേശത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. വാട്ടർ അതോറിറ്റിയുടെ അനാസ്ഥയാണ് കുടിവെള്ളം മുടങ്ങാൻ കാരണമെന്നാരോപിച്ച് പ്രദേശവാസികൾ വാട്ടർ അതോറിറ്റി അസിസ്റ്റന്‍റ് എഞ്ചിനീയറുടെ കാര്യാലയം ഉപരോധിച്ചു. കഴിഞ്ഞ ഒരു വർഷമായി കടകംപള്ളി കരിക്കകം പ്രദേശത്ത് കുടിവെള്ളം എത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് 1500 പേർക്ക് കുടിവെള്ളം വിതരണം ചെയ്യാനാകുന്ന വാട്ടർ ടാങ്ക് പ്രദേശത്ത് സ്ഥാപിച്ചിരുന്നു.
കുഴൽ കിണറിൽ നിന്നും വെള്ളം പമ്പ് ചെയ്താണ് ടാങ്കിൽ ശേഖരിച്ചിരുന്നത്. എന്നാൽ ഈ വെള്ളം ഉപയോഗ യോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതർ വിതരണം തടസ്സപ്പെടുത്തുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതിന് പിന്നിൽ സമീപത്തെ ഫ്ലാറ്റ് ലോബികളുമായുള്ള ഒത്തുകളിയാണെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. അതേസമയം ജൻറം പദ്ധതി പ്രകാരം പൈപ്പിടുന്നതിന് പിഡബ്ല്യുഡിയുടെ അനുമതി ലഭിച്ചാലുടൻ തന്നെ കുടിവെള്ള വിതരണം പുന:സ്ഥാപിക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതര്‍ അറിയിച്ചു. കുടിവെളള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകർ പാറ്റൂരിലെ വാട്ടർ അതോറിറ്റി ഓഫീസിന് മുമ്പില്‍ പ്രതിഷേധ മാർച്ചും ധർണയും നടത്തി.