തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തു കേസിലെ പ്രതി വിഷ്ണു സോമസുന്ദരം ഡിആർഐക്ക് മുന്നിൽ കീഴടങ്ങി. കൊച്ചിയിലെ ഡിആർഐ ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. ഹൈക്കോടതി ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും ഇന്ന് ഡിആർഐ മുമ്പാകെ കീഴടങ്ങാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
സ്വർണ്ണക്കടത്തിന്റെ മുഖ്യകണ്ണികളിലൊരാൾ പ്രകാശൻ തമ്പിയുടെ സുഹൃത്ത് വിഷ്ണുവാണെന്നും ഡിആർഐ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
ബാലഭാസ്ക്കറിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചും സ്വർണ്ണക്കടത്ത് അന്വേഷിക്കുന്ന ഡിആർഐയും ഒരുപോലെ അന്വേഷിച്ചുവരികയായിരുന്നു വിഷ്ണു സോമസുന്ദരത്തെ.
വിമാനത്താവളത്തിലെ സ്വർണക്കടത്തിലെ പ്രധാന പ്രതിയായ വിഷ്ണു കീഴടങ്ങിയതോടെ ഡിആർഐക്ക് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാവും. ബാലുവിന്റെ മരണത്തിനു പിന്നിൽ സ്വർണക്കടത്തുകാരുടെ കരങ്ങളുണ്ടോ എന്ന് ഉറപ്പിക്കാൻ ക്രൈംബ്രാഞ്ചും വിഷ്ണുവിനെ ചോദ്യം ചെയ്യും. നിയമബിരുദധാരികൂടിയായ വിഷ്ണു എറണാകുളം സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി നേരത്തെ തള്ളിയിരുന്നു. ഇതെ തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. വിഷ്ണുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയേക്കും.