പ്രളയത്തിന് ശേഷമുള്ള വേനൽ കടുക്കുമെന്ന മുന്നറിയിപ്പുകള്‍ ശരിവയ്ക്കും വിധം കേരളം ചുട്ടുപൊള്ളുകയാണ്. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപെടുത്തിയ പാലക്കാട് ജില്ലയിൽ ചൂട് 41 ഡിഗ്രി സെൽഷ്യസ് വരെയെത്തി. മറ്റു ജില്ലകളും ചുട്ട് പൊള്ളുകയാണ്.
ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഇന്നു 4 ഡിഗ്രി വരെ ചൂട് ഉയരാനിടയുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഈ മാസം 28 വരെ മൂന്നു ഡിഗ്രിവരെ ചൂട് വർധിക്കുമെന്നാണ് മുന്നറിയിപ്പ്.
കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ താപതീവ്രത ഇന്ന് 50ന് മുകളിൽ കടക്കാൻ സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 39 പേർക്കാണ് ഇതുവരെ സൂര്യതാപമേറ്റത്. പകല്‍ സമയങ്ങളില്‍ സൂര്യാഘാത സാധ്യത കൂടുതല്‍ ആയതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.