തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് അമ്മയും മകളും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മകള്‍ വൈഷ്ണവി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ഇരുവരും മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
വായ്പ തിരിച്ചടവ് മുടങ്ങിയതിനാല്‍ നാളെ വീട് ജപ്തി ചെയ്യാനിരിക്കെയാണ് സംഭവം.
ഇന്ന് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. 90 ശതമാനത്തിലധികം പൊള്ളലേറ്റ അമ്മ ലേഖയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജപ്തി നടപടികളിൽ മനംനൊന്താണ് ഇവർ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.
കാനറ ബാങ്കിന്‍റെ നെയ്യാറ്റിന്‍കര ശാഖയില്‍ നിന്നും പതിനഞ്ച് വര്‍ഷം മുമ്പ് വീട് വയ്ക്കുന്നതിനായി അഞ്ച് ലക്ഷം രൂപയാണ് ഇവര്‍ വായ്പ എടുത്തിരുന്നത്. ഇത് തിരിച്ചടയ്ക്കുന്നതില്‍ മുടക്കം വന്നതിനെത്തുടര്‍ന്നാണ് ബാങ്ക് ജപ്തി നടപടികളിലേയ്ക്ക് നീങ്ങിയത്. ഇന്നലെ ബാങ്ക് അധികൃതര്‍ വീട്ടിലെത്തിയതിന് ശേഷം വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഇരുവരും.
എട്ട് ലക്ഷത്തോളം രൂപ ഇതിനോടകം തന്നെ അടച്ചുകഴിഞ്ഞു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ പലിശ സഹിതം ആറ് ലക്ഷത്തി എണ്‍പതിനായിരം രൂപയോളം തിരിച്ചടയ്ക്കാനുണ്ടെന്ന ബാങ്കിന്‍റെ വാദമാണ് വൈഷ്ണവിയെയും അമ്മയെയും സമ്മര്‍ദ്ദത്തിലാക്കിയത്. വീട് വിറ്റ് വായ്പ തിരിച്ചടയ്ക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.
എന്നാൽ സമയം നീട്ടി നൽകാൻ കുടുംബം ആവശ്യപ്പെട്ടതിനെ തുടർന്ന് സമയം നീട്ടി നൽകിയിരുന്നു എന്നും അതിന്‍റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ജപ്തി നടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നും ബാങ്ക് അധികൃതർ പറയുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ക്കും ബാങ്ക് അധികൃതര്‍ തയ്യാറായിട്ടില്ല.