റോഡരികിൽ നിൽക്കുന്ന കൂറ്റൻ ആഞ്ഞിലി മരത്തിൽ തമ്പടിച്ചിരിക്കുന്ന തേനീച്ചകളാണ് പ്രദേശവാസികൾക്ക് ഭീഷണിയായിരിക്കുന്നത്. കഴിഞ്ഞ ദിവസം കൂട്ടിൽ പരുന്ത് തട്ടിയത് മൂലം തേനീച്ചകൾ കൂട്ടത്തോടെ ഇളകി രണ്ട് വീട്ടമ്മമാർ ഉൾപ്പെടെ ആറ് പേരെ കുത്തി പരിക്കേൽപ്പിച്ചിരുന്നു. ആറ് പേരും ആര്യനാട് ഗവ ആശുപത്രിയിൽ ചികിത്സ തേടി. രാത്രിയിൽ ലൈറ്റ് പ്രകാശിപ്പിച്ചാല്‍ തേനീച്ചകൾ വീടുകളിലേക്ക് പ്രവഹിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മുമ്പ് ബസ് യാത്രക്കാര്‍ക്കും തേനീച്ച ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. ആറ് മാസം മുമ്പ് ഒരു കൂട് മാത്രമാണ് ആഞ്ഞിലി മരത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ കൂടുകളുടെ എണ്ണം അഞ്ചായി.
തേനീച്ച ശല്യത്തെക്കുറിച്ച് നാട്ടുകാർ പഞ്ചായത്തിലും മറ്റുംനിരവധി തവണപരാതികൾ നൽകിയിട്ടും നടപടികൾ സ്വീകരിച്ചിട്ടില്ല. വിതുര, ആര്യനാട്, കാട്ടാക്കട, പൂവച്ചൽ, കുറ്റിച്ചൽ, ഉഴമലയ്ക്കൽ, നെയ്യാറ്റിൻകര ഭാഗങ്ങളിലേക്കുള്ള പ്രധാന പാതയാണിത്. നൂറോളം സ്കൂൾ വാഹനങ്ങളും ഈ മരത്തിന് മുന്നിലൂടെയാണ് കടന്നുപോകുന്നത്. കാൽനടയാത്രികർ ഈ ഭാഗത്തെത്തുമ്പോൾ ഓടി മാറേണ്ട അവസ്ഥയാണ്. രണ്ട് മാസം മുമ്പ് വിതുരയിൽ തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിക്കുകയും അനവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തേനീച്ചകൾ തമ്പടിച്ചിരിക്കുന്ന ആഞ്ഞിലി മരത്തിന് സമീപം അനവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. അടിയന്തരമായി തേനീച്ചക്കൂടുകൾ നീക്കം ചെയ്തില്ലെങ്കിൽ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരണം ഉൾപ്പടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.