തിരുവനന്തപുരം: ലോകമെമ്പാടും മാതൃ ദിനം ആഘോഷിക്കുമ്പോൾ മക്കളാൽ ഉപേക്ഷിക്കപ്പെട്ട് ഒറ്റമുറി ഷെഡിൽ കഴിയേണ്ട ദുരവസ്ഥയിലാണ് തലസ്ഥാനനഗരിയിൽ ഒരമ്മ. നെയ്യാർഡാം മരക്കുന്നം വീട്ടിൽ ലക്ഷ്മി എന്ന വൃദ്ധമാതാവിനെയാണ് കഴിഞ്ഞ ദിവസം ബന്ധുക്കൾ ഒറ്റമുറി ഷെഡിൽ എത്തിച്ചത്.
വർഷങ്ങൾക്കു മുമ്പ് ഭർത്താവ് മരിച്ച ഇവർ കഴിഞ്ഞ ദിവസം വരെ ഇളയ മകളുടെ വീട്ടിലായിരുന്നു . എന്നാൽ പരസഹായമില്ലാതെ എണീക്കാൻ കഴിയാത്ത ലക്ഷ്മി മുറിയിൽ തന്നെ മലമൂത്ര വിസർജനം നടത്തുന്നതിനാൽ ദുർഗന്ധം സഹിക്കാൻ വയ്യെന്നും മുറിയുടെ അറ്റകുറ്റപണി നടക്കുകയാണെന്നും പറഞ്ഞ് മൂത്ത സഹോദരിയുടെ വീട്ടിൽ എത്തിച്ചു . എന്നാൽ ഇവരും വൃദ്ധമാതാവിനെ വീട്ടിൽ താമസിപ്പിക്കുന്നതിനോട് യോജിച്ചില്ല. ഒടുവിൽ ഞായറാഴ്ച്ച വൈകുന്നേരത്തോടെ ലക്ഷ്മിയുടെ പേരിൽ തന്നെയുള്ള ഒറ്റമുറി ഷെഡിലേക്ക് മാറ്റിയ ശേഷം ബന്ധുക്കൾ ഇവിടുന്നു കടന്നു.
കാര്യം തിരക്കിയ നാട്ടുകാരോട് വീടുപണിയുടെ കാര്യം പറഞ്ഞു എങ്കിലും അമ്മയെ ശുശ്രൂഷിക്കാനും ഒപ്പം വീട്ടിൽ താമസിപ്പിക്കാനുമുളള മടിമൂലമാണ്ഇവിടെ ആക്കിയതെന്ന് എന്ന് സമീപവാസികൾ തന്നെ പറയുന്നു. അധികം വായുസഞ്ചാരമില്ലാത്ത ഒറ്റമുറി ഷെഡിൽ പ്രഥമികാവശ്യത്തിനോ ഒരു തുള്ളി വെള്ളത്തിനോ ആവശ്യം വന്നാൽ ഒരു കൈസഹായത്തിനു ആരുണ്ട് എന്ന ചോദ്യത്തിന്, ആഹാരം കൊണ്ടു കൊടുക്കും ഞങ്ങൾ നോക്കും എന്നാണ് മക്കൾ പറഞ്ഞ മറുപടി.
അമ്മയെ ഓർക്കാനും സ്നേഹിക്കാനും സംരക്ഷിക്കാനും പ്രത്യേക ദിനം വേണ്ട എന്നു മുറവിളി കൂട്ടുന്ന സമൂഹത്തിലാണ് മാതൃ ദിനം ആഘോഷമാക്കുന്ന ഇതേ ദിനത്തിൽ അഞ്ചു മക്കളെ പ്രസവിച്ചു വളർത്തി, ഒരായുസ് മുഴുവൻ അവർക്കായി നീക്കി വച്ച ഒരമ്മ മകളാൽ തന്നെ ഉപേക്ഷിച്ചതിന് തുല്യമായി ഇവിടെ കഴിയുന്നത്.