തിരുവനന്തപുരം കാട്ടാക്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ പൊലീസുകാരനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. റൂറൽ എ ആർ ക്യാമ്പിലെ പൊലീസുകാരനായ നവാദ് റാസനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റോഡിൽ വച്ച് മദ്യപിച്ചെത്തിയ ഇയാൾ പെൺകുട്ടിയെ കടന്നു പിടിച്ച് ഉപദ്രവിക്കുകയും മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു . പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടി കൂടിയ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിന് കൈമാറി.
വൈദ്യ പരിശോധനക്കായി ആശുപത്രിയിൽ എത്തിച്ച പ്രതി ഓടി രക്ഷപ്പെടാനും ശ്രമിച്ചു. ഇതിനിടെ ഒരു പൊലീസുകാരന് പരിക്കേറ്റു. സെല്ലിൽ അടച്ച ഇയാൾ സ്വയം തലയിടിച്ചു പരിക്കേൽപ്പിച്ചും അക്രമാസക്തനായി. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം ,പിടിച്ചുപറി ,കുട്ടികൾക്ക് നേരെയുള്ള അതിക്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.പ്രതിയെ നാളെ കാട്ടാക്കട കോടതിയിൽ ഹാജരാക്കും.