തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിന്‍റെ അന്വേഷണം കേന്ദ്ര ഏജൻസികളായ എൻ ഐ എയും റോയും ഏറ്റെടുത്തു. സ്വർണക്കടത്ത് കേസില്‍ പാക് പൗരന്‍റെ സാന്നിധ്യം വെളിവായ സാഹചര്യത്തിലാണ് അന്വേഷണം രണ്ട് കേന്ദ്ര ഏജൻസികൾ ഏറ്റെടുത്തത്. തിരുവനന്തപുരം വിമാനത്താവളം വഴി ദുബായിൽ നിന്ന് 25 കിലോ സ്വർണം കടത്തിയ സംഭവത്തിൽ പാക് പൗരൻ നദീമിന് ബന്ധമുണ്ടെന്ന് ഡയറ്കട്രേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് (ഡിആര്‍ഐ) കണ്ടെത്തിയിരുന്നു.
കേസിൽ അറസ്റ്റിലായ സെറീനയെ ഡിആർഐ ചോദ്യം ചെയ്തപ്പോഴാണ് നദീമിനെ കുറിച്ചുള്ള സൂചന ലഭിക്കുന്നത്. ഇക്കാര്യം ഡിആർഐ സംഘം കേന്ദ്ര ഏജൻസികൾക്ക് കൈമാറുകയായിരുന്നു. കേസിൽ ഒളിവിൽ കഴിയുന്ന വിഷ്ണു സോമസുന്ദരത്തിന്‍റെ സുഹൃത്തായ നദീമാണ് വിഷ്ണുവിനും ജിത്തുവിനും സ്വർണം കൈമാറിയിരുന്നത്. ഒളിവില്‍ കഴിയുന്ന വിഷ്ണുവും ജിത്തുവും ദുബായിലുണ്ടെന്ന് ഡിആര്‍ഐക്ക് വിവരം ലഭിച്ചിട്ടുണ്ട്. നാട്ടിൽ എത്തിച്ച സ്വർണം വാങ്ങിയ മുഹമ്മദലി, ഹക്കീം എന്നിവരും ഒളിവിലാണ്. സ്വർണക്കടത്തിന് പിന്നിൽ ദേശവിരുദ്ധ ശക്തികളുടെ ഇടപെടലുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.