തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റത് കനത്ത തിരിച്ചടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ഇത് സർക്കാരിനെതിരായ വിധിയായി കാണുന്നില്ല. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ശബരിമല വിഷയം ബാധിച്ചിരുന്നെങ്കിൽ അതിന്‍റെ ഗുണം ബിജെപിക്ക് ലഭിക്കുമായിരുന്നു. വിശ്വാസത്തിന്‍റെ പേരിൽ ചിലർ തെറ്റിദ്ധാരണ പരത്തി.തിരിച്ചടി കടുത്തതാണെങ്കിലും സ്ഥായിയല്ല. പാര്‍ട്ടിയുടെ ബഹുജന അടിത്തറക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഹുൽഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം യുഡിഎഫ് മുന്നേറ്റത്തിന് കാരണമാണ്. കോൺഗ്രസാണ് ലോക്സഭയിൽ വരേണ്ടത് എന്ന ചിന്ത ഒരു വിഭാഗത്തിന്‍റെ വോട്ടുകൾ കോൺഗ്രസിന് പോകാൻ കാരണമായി. തോൽവിയുടെ കാരണങ്ങളെക്കുറിച്ച് വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തോൽവി കൊണ്ട് സർക്കാരിന്‍റെ പ്രതിച്ഛായക്കും അംഗീകാരത്തിനും ഒരു മങ്ങലും ഏറ്റിട്ടില്ല. ജനങ്ങളുടെ പിന്തുണ ഇപ്പോഴും സർക്കാരിനുണ്ട്. തന്‍റെ ശൈലിയിൽ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.