തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തോട് ചേര്‍ന്നുള്ള സ്വകാര്യ ഗോശാലയിലെ പശുക്കളോടുള്ള ക്രൂരതയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പശുക്കളുടെ ആരോഗ്യ പരിശോധന ആരംഭിച്ചു. ആരോഗ്യം വീണ്ടെടുക്കാന്‍ ആവശ്യമായ മരുന്നുകളും മറ്റും പശുക്കള്‍ക്ക് നല്‍കി തുടങ്ങി.
ആവശ്യമായ തീറ്റയും പരിചരണവും ഇല്ലാതെ ഗോശാലയിലെ പശുക്കള്‍ നരകിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് സര്‍ക്കാരിന്‍റെ ഇടപെടല്‍. മൃഗസംരക്ഷവകുപ്പ് മന്ത്രി കെ രാജു കഴിഞ്ഞ ദിവസം ഗോശാല സന്ദര്‍ശിക്കുകയും പശുക്കള്‍ക്ക് ആവശ്യമായ ഭക്ഷണവും ചികിത്സയും നല്‍കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്നാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പശുക്കളുടെ ആരോഗ്യ പരിശോധന ആരംഭിച്ചത്. തിരുവനന്തപുരം ചീഫ് വെറ്റിനറി ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. മരുന്നുകള്‍ നല്‍കുന്നതിനൊപ്പം പശുക്കളുടെ രക്തസാമ്പിളുകളും സംഘം ശേഖരിച്ചു.
ശരിയായ ചികിത്സയും ഭക്ഷണവും പരിചരണവും ലഭിക്കുമ്പോള്‍ പശുക്കള്‍ ആരോഗ്യം വീണ്ടെടുക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിനിടെ കേരള ഫീഡ്‌സില്‍ നിന്നും ആവശ്യമായ കാലിത്തീറ്റയും സര്‍ക്കാര്‍ ഫാമില്‍ നിന്നും തീറ്റപുല്ലും എത്തിച്ച് പശുക്കള്‍ക്ക് നല്‍കിത്തുടങ്ങി. നടന്‍ സുരേഷ് ഗോപി ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് രൂപികരിച്ച സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഗോശാലയില്‍ 36 പശുക്കളാണ് ഉള്ളത്. ട്രസ്റ്റ് തിരിഞ്ഞ് നോക്കാതായതൊടെ ഭക്ഷണവും പരിചരണവും ഇല്ലാതെ എല്ലും തോലൂമായി മരണത്തോട് അടുത്ത നിലയിലായിരുന്നു പശുക്കൾ.