ശബരിമലയില്‍ യുവതികള്‍ കയറിയതിന് പിന്നാലെ ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ തന്ത്രി വിശദീകരണം നല്‍കിയിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പത്മകുമാർ. ദേവസ്വം ബോര്‍ഡിന് തന്ത്രി വിശദീകരണം നല്‍കിയെന്ന് ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. തന്ത്രിയുടെ വിശദീകരണം ലഭിച്ച ശേഷം ബോര്‍ഡ് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും യുവതീപ്രവേശനം സംബന്ധിച്ച കണക്കുകള്‍ കിട്ടിയിട്ടില്ല എന്നും പത്മകുമാര്‍ പറഞ്ഞു.
ശുദ്ധിക്രിയ ചെയ്തത് ശരിയായ നടപടിയാണെന്നായിരുന്നു തന്ത്രി കണ്ഠര് രാജീവരുടെ വിശദീകരണം. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അടക്കമുളളവരെ അറിയിച്ച ശേഷമായിരുന്നു ശുദ്ധിക്രിയ നടത്തിയത്. ക്ഷേത്ര കാര്യങ്ങളില്‍ അവസാന വാക്ക് തന്ത്രിയുടേതാണ്. കടുത്ത നീതിനിഷേധമാണ് തന്നോട് കാണിച്ചതെന്നും തന്ത്രി കണ്ഠരര് രാജീവര്‍ പറഞ്ഞിരുന്നു.
ഡിസംബര്‍ 31 ന് പൂജകൾ ഒന്നും ഇല്ലാതിരുന്നതിനാലും ഒന്നാം തീയതി തിരക്കായിരുന്നതിനാലുമാണ് രണ്ടിന് ശുദ്ധിക്രിയ നടത്തിയത്. യുവതി പ്രവേശനത്തെ തുടര്‍ന്നാണ് നടയടച്ചതെന്ന വാദം തെറ്റാണെന്നും തന്ത്രി വിശദീകരിച്ചിരുന്നു.