കന്യാകുമാരി: കേരളത്തിന്‍റെ തെക്കേ അതിർത്തിയായ കളിയിക്കാവിളയിൽ തെരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുന്നു. തമിഴിലും മലയാളത്തിലും ഉള്ള ചുമരെഴുത്തുകളും ഫ്ലക്സും കൊടിതോരണങ്ങളും എല്ലായിടത്തും കാണാം. എന്നാൽ കളിയിക്കാവിള പിന്നിട്ട് തമിഴ്നാട്ടിലേക്ക് കടക്കുന്ന മലയാളികൾ അത്ഭുതപ്പെട്ടുപോകും. കേരളത്തിലെ പോലെ ഇവിടെ ചുമരെഴുത്ത് ഇല്ല, പ്രചാരണ ബോർഡില്ല, സ്ഥാനാർഥിയുടെ ചിത്രവും ഇല്ല.
ഏപ്രിൽ 18ന് ആണ് ഇവിടെ തെരഞ്ഞെടുപ്പ്. എൻഡിഎ സ്ഥാനാർഥിയായി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും ഡിഎംകെ മുന്നണി സ്ഥാനാർഥിയായി കോൺഗ്രസിലെ എച്ച് വസന്തകുമാറും തമ്മിലാണ് പ്രധാന മത്സരം.
തമിഴ്നാട്ടിൽ കോൺഗ്രസിന്‍റെ ശക്തി കേന്ദ്രങ്ങളിലൊന്നാണ് കന്യാകുമാരി ജില്ല. കോൺഗ്രസിന് വിജയം ഉറപ്പെന്നാണ് സ്ക്വാഡ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കോൺഗ്രസുകാർ പറയുന്നത്. കോണ്‍ഗ്രസ് - സിപിഎം കൊടികള്‍ ഒന്നിച്ച് കെട്ടിയുള്ള പ്രചാരണത്തെ കുറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറയുന്നത് ഇങ്ങനെ " ബിജെപിയാണ് മുഖ്യശത്രു. അതിനാല്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കും".
പ്രചാരണത്തിന് കൊടികളും ബാനറുകളും ഉപയോഗിക്കുന്നതിന് കർശന വിലക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തമിഴ്നാട്ടിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടാൽ ഇവയെല്ലാം സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുന്നതിനുള്ള തീരുമാനമാണ് രാഷ്ട്രീയപാർട്ടികളെ പ്രചാരണത്തിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്.