കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക വൈകുമെന്നസൂചനകളാണ് പുറത്തു വരുന്നത്. സിറ്റിംഗ് സീറ്റുകളുടെ കാര്യത്തിൽ ധാരണയായെങ്കിലും മറ്റു സ്ഥാനാർഥികളുടെ കാര്യത്തിൽ ഇതുവരേയും അന്തിമരൂപം ആയിട്ടില്ല. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, വിഎം സുധീരൻ, കെ സുധാകരൻ എന്നിവർ മത്സരിക്കണം എന്ന നിലപാടിലാണ് ഹൈക്കമാൻഡ്. കണ്ണൂരിൽ കെ. സുധാകരൻ മത്സരിക്കണമെന്ന് ഹൈക്കമാൻഡ് നിർദ്ദേശിക്കുകയും ചെയ്തു.എന്നാൽ തനിക്ക് താൽപര്യമില്ലെന്നനിലപാടിലാണ് ഇപ്പോഴും സുധാകരൻ. ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ലോക്സഭയിലേക്ക് മത്സരിക്കുന്നതു സംബന്ധിച്ച തീരുമാനം ഹൈക്കമാൻഡിന് വിട്ടു.
ഉമ്മൻചാണ്ടി ഇടുക്കിയിൽ നിന്നും വിഎം സുധീരൻ തൃശ്ശൂരിൽനിന്നും ജനവിധി തേടണമെന്ന ആവശ്യം ശക്തമാണ്. ആലപ്പുഴയിൽ ഐസിസിയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ അടൂർ പ്രകാശിനെ അവിടെ മത്സരിപ്പിക്കാൻ ആലോചിച്ചിരുന്നു. എന്നാൽ ആറ്റിങ്ങൽ ഇല്ലെങ്കിൽ എങ്ങോട്ടുമില്ലെന്ന നിലപാടിൽ അടൂർ പ്രകാശ് ഉറച്ചു നിന്നതോടെ ഈ തീരുമാനം ഉപേക്ഷിച്ചു. ആലത്തൂരിൽ മുൻ മന്ത്രി എ പി അനിൽകുമാറിനു സാധ്യതയേറി. കോൺഗ്രസിന്‍റെ ഉറച്ച മണ്ഡലമായ വയനാട്ടിൽ ടി സിദ്ധീഖ്, ഷാനിമോൾ ഉസ്മാൻ എന്നിവരിൽ ഒരാൾ മത്സരിച്ചേക്കും. വട്ടിയൂർക്കാവ് എംഎൽഎ കെ മുരളീധരനെയും വയനാട്ടിലേക്ക് പരിഗണിക്കുന്നു. വടകരയിൽ മത്സരത്തിനില്ലെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയ സാഹചര്യത്തിൽ ടി സിദ്ദിഖിനെ മത്സരിപ്പിക്കാൻ ആലോചനയുണ്ട്.
അതേസമയം ടിപി ചന്ദ്രശേഖരൻ്റ ഭാര്യ കെകെ രമ ഒരുക്കമെങ്കിൽ വടകരയിൽ ഒരു പരീക്ഷണത്തിന് യുഡിഎഫ് തയ്യാറായേക്കും. . നാളെ കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഉണ്ട് .14ന് രാഹുൽഗാന്ധി കേരളം സന്ദർശിച്ചത് ശേഷമായിരിക്കും സ്ഥാനാർത്ഥിപട്ടിക പുറത്തിറക്കുകയെന്ന് കേരളത്തിലെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് അറിയിച്ചു. 15ന് രാവിലെ സ്ക്രീനിംഗ് കമ്മിറ്റി യോഗം ചേർന്നതിന് ശേഷം അന്തിമ സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി കൈമാറുമെന്നാണ് പ്രതീക്ഷ.