തിരുവനന്തപുരം: ഖാദർ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ ഒരു വിഭാഗം അധ്യാപകർ നിയമ നടപടിയിലേക്ക്. ഒന്ന് മുതൽ പ്ലസ്ടു വരെ ഒരു കുടക്കീഴിലാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെയാണ് പ്രതിപക്ഷ അധ്യാപക സംഘടനകൾ പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചത്.
ജൂൺ ആറിന് തൃശ്ശൂരിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം ബഹിഷ്കരിക്കാൻ സംയുക്ത അധ്യാപക സമിതി തീരുമാനിച്ചു. ജില്ലാ തല-സ്കൂൾ തല പ്രവേശനോത്സവങ്ങളും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പങ്കെടുക്കുന്ന പരിപാടികളും അധ്യാപക സംഘടനകൾ ബഹിഷ്കരിക്കും.
പ്രതിഷേധം അറിയിച്ച് ജൂൺ 20ന് നിയമസഭ മാർച്ച് നടത്താനാണ് തീരുമാനം. സർക്കാർ ഉത്തരവിറങ്ങിയാൽ ഉടനെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഒരു വിഭാഗം അധ്യാപക സംഘടനകൾ അറിയിച്ചു. ഇതിനിടെ അധ്യാപക സംഘടനാ നേതാക്കൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച്ച നടത്തി. അധ്യാപകരുടെ പ്രതിഷേധത്തിന് പിന്തുണ നൽകുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. അധ്യാപക സംഘടനകൾക്ക് പിന്തുണ അറിയിച്ച് പ്രതിപക്ഷ വിദ്യാർഥി സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.