ലോക്സഭാ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ജെഡിഎസിനുളളിൽ പൊട്ടിത്തെറി. എൽഡിഎഫ് വിടണമെന്നും സ്വന്തം സ്ഥാനാർത്ഥിയെ നിർത്തണമെന്നും സംസ്ഥാന ഭാരവാഹി യോഗത്തിൽ ഒരു വിഭാഗം ആവശ്യം ഉന്നയിച്ചു. മുന്നണി വിടില്ലെന്ന് നേതൃത്വം വ്യക്തമാക്കിയതോടെ ജോസ് തെറ്റയിൽ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി
ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് സീറ്റ് ലഭിച്ചില്ലെങ്കിൽ മുന്നണി വിടുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് പോകണമെന്ന് നേരത്തെ തന്നെ ജെഡിഎസ്സിനുള്ളിൽ ആവശ്യമുയർന്നിരുന്നു. എന്നാൽ സീറ്റില്ലെന്ന് ഉറപ്പിച്ച ശേഷം പാർട്ടി നേതൃത്വം അത് അംഗീകരിച്ച് മുന്നോട്ടുപോകുമെന്ന് നിലപാടെടുത്തതാണ് പാർട്ടിക്കുള്ളിൽ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. സംസ്ഥാന നേതൃയോഗത്തിൽ കെ കൃഷ്ണൻകുട്ടി അടക്കമുള്ള നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉയർന്നു. സീറ്റ് ലഭിക്കാത്തത് പാർട്ടിക്ക് അപമാനമാണെന്നും മുന്നണി വിട്ട് സ്വന്തം സ്ഥാനാർത്ഥിയെ നിർത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
സീറ്റ് ലഭിക്കാത്തതിലുള്ള പ്രതിഷേധം മുന്നണിയെ അറിയിച്ചിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്‍റ് കെ കൃഷ്ണൻകുട്ടി അറിയിച്ചെങ്കിലും അത് ഒരു വിഭാഗം അംഗീകരിച്ചില്ല. തുടർന്ന് ജോസ് തെറ്റയിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. സീറ്റ് ലഭിക്കാത്തതിൽ വിഷമമുണ്ടെങ്കിലും മുന്നണിയിൽ തുടരുമെന്നും തെരഞ്ഞെടുപ്പിൽ മുന്നണിയോട് ചേർന്ന് പ്രവർത്തിക്കുമെന്നും സംസ്ഥാന ഭാരവാഹി യോഗത്തിനുശേഷം കെ കൃഷ്ണൻകുട്ടി പറഞ്ഞു. അതേ സമയം മാത്യു ടി തോമസ് യോഗത്തിൽ പങ്കെടുത്തില്ല. കൃഷ്ണൻകുട്ടി- മാത്യു ടി തോമസ് വിഭാഗങ്ങൾ തമ്മിലുള്ള ഗ്രൂപ്പ് വൈര്യമാണ് പാർട്ടിയിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് വിലയിരുത്തൽ.