തിരുവനന്തപുരം: തിരുവനന്തപുരം പൊഴിയൂരില്‍ വീടുകയറി ആക്രമണം. ആക്രമണത്തില്‍ വീട്ടമ്മക്കും പിഞ്ചു കുഞ്ഞിനും മർദ്ദനമേറ്റു. ഒമ്പത് പേര് അടങ്ങുന്ന സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ആരോപണം.കുളത്തൂർ വില്ലേജിൽ തെക്കേ കൊല്ലങ്കോട് വീട്ടിൽ മാര്ഗനറ്റ്, ഇവരുടെ മകന്റെ ഭാര്യ മാജ, രണ്ട് മാസം പ്രായമുള്ള കുഞ്ഞ് എന്നിവര്‍ക്കാണ് മര്‍ദ്ദനം ഏറ്റത്. മകന്റെ കുഞ്ഞുമൊത്ത് വീടിന് മുൻവശത്ത് ഇരിക്കുമ്പോൾ ഒമ്പത് പേർ അടങ്ങുന്ന സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറി മർദ്ദിക്കുകയായിരുന്നു എന്ന് പൊഴിയൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ശബ്ദം കേട്ട് പുറത്ത് വന്ന മരുമകളെയും കയ്യിലിരുന്ന രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയും മർദ്ദിച്ചു. മാർഗനറ്റിന്റെ വസ്ത്രം അക്രമികള്‍ വലിച്ചുകീറി. നിലവിളികേട്ട് സമീപവാസികൾ മാർഗനറ്റിന്റെ വീട്ടിലെത്തിയപ്പോൾ വിവസ്ത്രയായി നിലത്ത് കിടക്കുന്നതാണ് കണ്ടത്. രണ്ട് ദിവസം മുമ്പ് മാർഗനറ്റിന്റെ ചെറുമകനും കൂട്ടുകാരും കളിക്കിടയിൽ വാക്കേറ്റം ഉണ്ടായിരുന്നു. ഇത് മുതിർന്നവർ ഇടപെട്ട് പറഞ്ഞ് തീർക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയാണ് വീട് കയറിയുള്ള ആക്രമണമെന്നാണ് സൂചന.
പരിക്കേറ്റ് അവശനിലയിലായ മാർഗനറ്റിനെയും, കൈക്കുഞ്ഞിനെയും പൊഴിയൂർ ആശുപത്രിയിലും തുടർന്ന് പാറശാല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊഴിയൂർ പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാൻ നടപടികളൊന്നും എടുക്കുന്നില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.