തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ആക്രമണം കൂടുന്നതായി മന്ത്രി എ സി മൊയ്തീൻ. ഈ വർഷം ഇതുവരെ 625പേർ തെരുവ് നായകളുടെ ആക്രമണത്തിനിരയായെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. ആലപ്പുഴ ഇടുക്കി, കോഴിക്കോട് ജില്ലകളിലെ ഗ്രാമപ്രദേശങ്ങളിൽ തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം കൂടി വരുന്നതായാണ് കണക്ക്. പാലക്കാട് ജില്ലയിലാണ് തെരുവ് നായകളുടെ ആക്രമണത്തിൽ ഏറ്റവും കൂടുതൽ പേർക്ക് പരിക്കേറ്റത്. 101 പേർ. കണ്ണൂർ 100, കോഴിക്കോട് 78, എറണാകുളം 75, തൃശ്ശൂർ 68 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. ഏറ്റവും കുറവ് ആക്രമണം വയനാട്ടിലാണ്. അഞ്ച് പേർ. ആബിദ് ഹുസൈന്റെ ചോദ്യത്തിന് രേഖാമൂലമാണ് മന്ത്രി എ സി മൊയ്തീൻ നിയമസഭയിൽ മറുപടി നൽകിയത്.
നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിലാണ് തെരുവ് നായ ഉപദ്രവം കൂടുതൽ. നഗരപ്രദേശങ്ങളിൽ 94 പേർക്ക് മാത്രം കടിയേറ്റപ്പോൾ ഗ്രാമപ്രദേശത്ത് 531 പേർക്ക് കടിയേറ്റു. തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന് ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും, കുടുംബശ്രീയും ചേർന്ന് അനിമൽ ബർത്ത് കൺട്രോൾ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. ഈ വർഷത്തേക്ക് 1.40 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ഇതു വരെ 18 ലക്ഷം രൂപയാണ് ചെലവഴിച്ചത്.