തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി ഇന്ന് സമാപിക്കും. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആരംഭിച്ച യോഗം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് കടുത്ത വിമർശനവുമായാണ് അവസാനിക്കുന്നത്. ജനങ്ങളുമായുള്ള ബന്ധം പാർട്ടിക്ക് നഷ്ടമാകുന്നതായി സമിതി വിലയിരുത്തി. ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം മുൻകൂട്ടി കാണാൻ പാർട്ടിക്കായില്ല. ലക്ഷം വോട്ടുകൾക്കാണ് പല മണ്ഡലങ്ങളിലേയും തോൽവി. ഇത് തിരിച്ചറിയാനാകാതെ പോയത് വലിയ പോരായ്മയാണെന്നും സംസ്ഥാന സമിതി വിലയിരുത്തി. യു ഡി എഫും ബിജെപിയും ശബരിമല പ്രചാരണായുധമാക്കി. എൽ ഡി എഫിന്‍റെ പരാജയം ഉറപ്പിക്കാനായി ബി ജെ പി വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു. എന്നാൽ ഇത് മറികടക്കാൻ പാർട്ടിക്കായില്ല. ബിജെപിയുടെ പ്രചാരണം മറികടക്കാൻ താഴെ തട്ടിൽ പ്രവർത്തനം നടത്തണം. അല്ലാത്ത പക്ഷം വിശ്വാസികളുടെ വോട്ട് തിരികെ പിടിക്കാനാവില്ലെന്നും സംസ്ഥാന സമിതിയിൽ അഭിപ്രായമുയർന്നു.
കേന്ദ്ര നേതൃത്വത്തിനെതിരെയും സംസ്ഥാന സമിതിയിൽ വിമർശനമുണ്ടായി. ദേശീയ തലത്തിൽ എകീകൃത നയം ഉണ്ടായില്ല. ഓരോ സംസ്ഥാനങ്ങളിൽ വ്യത്യസ്ത നയം സ്വീകരിച്ചത് ഇടത് പക്ഷത്തിന്‍റെ വിശ്വാസ്യതയെ ബാധിച്ചു. കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ടിങിലാണ് സംസ്ഥാന സമിതി അംഗങ്ങൾ വിമർശനം ഉന്നയിച്ചത്. ബിനോയ് കോടിയേരിക്കെതിരെ യുവതി നൽകിയ ലൈംഗിക ആരോപണവും ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയെ തുടർന്നുണ്ടായ വിവാദങ്ങളും സംസ്ഥാന സമിതിയിൽ റിപ്പോർട്ട് ചെയ്തു. ഈ വിഷയങ്ങൾ യോഗം ഇന്ന് വിശദമായി ചർച്ച ചെയ്യും.