തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വയംഭരണ എയ്ഡ് സ്ഥാപനങ്ങളിലും ബയോ മെട്രിക് പഞ്ചിങ് സംവിധാനം ഏര്‍പ്പടുത്താന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. സിവില്‍ സറ്റേഷനുകളില്‍ മൂന്നു മാസത്തിനകവും മറ്റു ഓഫീസുകളില്‍ ആറ് മാസത്തിനകവും പഞ്ചിങ് സംവിധാനം ശമ്പളവിതരണവുമായ സോഫ്റ്റ് വെയറുമായി ബന്ധപ്പെടുത്താന്‍ പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ നിര്‍ദ്ദേശിക്കുന്നു. ഇതോടെ അഞ്ചരക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ പഞ്ചിങ് സംവിധാനത്തിന്റെ കീഴിലാകും.
സ്ഥാപനങ്ങളില്‍ പഞ്ചിങ് സംവിധാനം ഏര്‍പ്പടുത്തുന്നതിനെപറ്റി പഠിക്കാന്‍ നിയോഗിച്ച കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് ഉത്തരവ്. ഇപ്പോള്‍ സെക്രട്ടേറിയറ്റ് അടക്കമുള്ള പ്രധാന ഓഫീസുകളില്‍ മാത്രമാണ് പഞ്ചിങ് മഷീനെ ശമ്പളവിതരണ സോഫ്റ്റ് വെയറുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്. പഞ്ചിങ് സംവിധാനത്തില്‍ എല്ലാത്തരം സ്ഥിരം ജീവനക്കാരെയും ഉള്‍പ്പെടുത്താനാണ് നിര്‍ദ്ദേശം.
നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍ററിന്‍റെ വെബ്സൈറ്റില്‍ പരാമര്‍ശിച്ചിട്ടുള്ള യുഐഡിഎഐ അംഗീകാരമുള്ള ആധാര്‍ അധിഷ്ഠിത ബയോമെട്രിക് അറ്റന്‍ഡന്‍സ് സംവിധാനമാണ് സ്ഥാപിക്കേണ്ടത്. മഷീനുകള്‍ വകുപ്പുകളും സ്ഥാപനങ്ങളും നേരിട്ടോ കെല്‍ട്രോണ്‍ വഴിയോ വാങ്ങണം. ചെലവുകള്‍ ബജറ്റ് വിഹിതത്തില്‍ നിന്ന് കണ്ടെത്തണം. പഞ്ചിങ് മഷീന്‍ സ്ഥാപിക്കുന്നതിന്‍റെ പുരോഗതി ഐടി മിഷനായിരിക്കും നിരീക്ഷിക്കുക. ഓരോ വകുപ്പിലും പഞ്ചിങ് സംവിധാനം നടപ്പിലാക്കേണ്ടതിന്റെ ഉത്തരവാദിത്തം വകുപ്പ് സെക്രട്ടറിമാര്‍ക്കും മേധാവികള്‍ക്കുമാണെന്നും ഉത്തരവില്‍ പറയുന്നു.