ആലപ്പുഴ: മൂന്ന് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ ആലപ്പുഴ സൗത്ത് പൊലീസിന്‍റെ പിടിയിലായി. എറണാകുളം സ്വദേശി മിഥുൻ (30), കണ്ണൂർ സ്വദേശി സനൽ (28) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കഞ്ചാവുമായി യുവാക്കൾ കാറിൽ വരുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ച മാരുതി കാർ പിന്തുടർന്നെത്തിയ പൊലീസ് പുലർച്ചെ അഞ്ചുമണിയോടെ ആലപ്പുഴ ബീച്ചിൽ സമീപമുള്ള ഇന്ത്യൻ കോഫി ഹൗസിൽ വച്ചാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
![YOUNGSTERS_ARRESTED മൂന്ന് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ ആലപ്പുഴ Alappuzha](https://etvbharatimages.akamaized.net/etvbharat/prod-images/kl-alp-01-06-youngsters-arrested-for-carrying-ganja-kl10005_06022020180059_0602f_1580992259_846.jpg)
തമിഴ്നാട്ടിൽ നിന്നാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്ന് ചോദ്യംചെയ്യലിൽ പ്രതികൾ സമ്മതിച്ചു. ആലപ്പുഴ നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കഞ്ചാവ് മാഫിയയെ അമർച്ച ചെയ്യുന്നതിനായി 'ഓപ്പറേഷൻ ഡാർക്ക് ഡെവിൾ', എന്ന പേരിൽ സൗത്ത് പൊലീസ് നടത്തിവന്ന നീക്കത്തിലൂടെയാണ് ഇവരെ പിടികൂടാൻ സാധിച്ചത്. രണ്ടുമാസത്തിനുള്ളിൽ 14 പേരെയാണ് ഇത്തരത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്. വരുംദിവസങ്ങളിൽ കഞ്ചാവുവേട്ട കൂടുതൽ ശക്തമാക്കുമെന്നും എന്നും ആലപ്പുഴ സൗത്ത് പൊലീസ് അറിയിച്ചു.