ആലപ്പുഴ : 'എന്‍റെ പ്രസ്ഥാനം എന്നെ ചതിക്കുകയാണ്. ഇതിന് കൂട്ടുനിൽക്കാൻ ഞങ്ങൾക്ക് കഴിയില്ല, ചതിച്ചാൽ ആ നിമിഷം ഞങ്ങൾ പാർട്ടി വിടും'. മാവേലിക്കരയിൽ സിൽവർ ലൈൻ പദ്ധതി വിശദീകരിക്കാന്‍ ഭവന സന്ദർശനം നടത്തിയ എം.എൽ.എയോട് ഒരു സ്‌ത്രീയുടെ പ്രതികരണമാണിത്.
കെ റെയിലിനെതിരെ സി.പി.എം അനുഭാവികള്‍ : മാവേലിക്കര എം.എല്‍.എയും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ എം.എസ് അരുൺകുമാർ, ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്‍റും സി.പി.എം ജില്ല കമ്മിറ്റി അംഗവുമായ ജെയിംസ് ശാമുവേൽ, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് അംഗം എസ് മുകുന്ദൻ എന്നിവരുടെ നേതൃത്വത്തിലാണ് ഭവന സന്ദർശനം നടത്തിയത്.
ALSO READ | തൊഴിലുറപ്പ് കൂലി വർധിപ്പിച്ചു; കേരളത്തില്‍ ദിവസക്കൂലി 311 രൂപയായി
ഭവന സന്ദർശനത്തിനിടെ പ്രാദേശികമായി ആളുകളെ വിളിച്ചുകൂട്ടി പദ്ധതിയെകുറിച്ച് വിശദീകരിക്കാനാണ് എം.എൽ.എ ശ്രമിച്ചത്. എന്നാൽ സി.പി.എം അനുഭാവികളായ ആളുകൾ ഉൾപ്പടെ പ്രതിഷേധം ശക്തമാക്കിയപ്പോൾ പ്രചാരണം അവസാനിപ്പിച്ച് നേതാക്കൾ മടങ്ങുകയായിരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് വിവിധ വർഗ - ബഹുജന സംഘാടനകൾ ഭവന സന്ദർശനം നടത്തി പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നത്.
സൗമ്യമായി ഇടപെടണമെന്ന് നിര്‍ദേശം : സി.പി.എം പ്രവർത്തകർ സിൽവർ ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ മുഴുവൻ വീടുകളും സന്ദർശിച്ച് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനാണ് പാർട്ടി നിർദേശം. എന്നാൽ, പലയിടത്തും സി.പി.എം ഭവന സന്ദർശനത്തിന് എത്തുന്ന പ്രവർത്തകർക്ക് നേരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുന്നുണ്ട്.
ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കും വിധം സംവദിക്കണമെന്നും പ്രതിഷേധമുയർത്തുന്നവരോടും ക്ഷുഭിതരാവുന്നവരോടും സൗമ്യമായി ഇടപെടണമെന്നുമാണ് ഭവന സന്ദർശന സ്‌ക്വാഡുകൾക്ക് പാർട്ടി നൽകിയിട്ടുള്ള നിർദേശം.