ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്‍ത പെരുമാറ്റചട്ട ലംഘന പരാതികളില്‍ 33202 എണ്ണം പരിഹരിച്ചു. ഇതിൽ 7500ഓളം പരാതികൾ സി-വിജിൽ ആപ്പ് മുഖേന പൊതുജനങ്ങൾ റിപ്പോർട്ട് ചെയ്‌തതാണ്.
അരൂർ 5623, ചേർത്തല 3309, ആലപ്പുഴ 10169, അമ്പലപ്പുഴ 3425, കുട്ടനാട് 1535, ഹരിപ്പാട് 2109, കായംകുളം 2142, മാവേലിക്കര 2595, ചെങ്ങന്നൂർ 2295 എന്നിങ്ങനെയാണ് നിയമസഭ നിയോജക മണ്ഡലാടിസ്ഥാനത്തിൽ പരാതികൾ പരിഹരിച്ചതിന്‍റെ കണക്ക്. എല്ലാ പരാതികളും കലക്ട്രേറ്റിലെ ജില്ലാ കൺട്രോൾ യൂണിറ്റിന്‍റെ നേതൃത്വത്തിലാണ് പരിഹരിക്കുന്നത്.
ജില്ലയിൽ ഓരോ നിയോജക മണ്ഡലങ്ങളിലും പരാതി പരിഹാരത്തിനായി സജീവമായി പ്രവർത്തിക്കുന്ന 22 സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. ഈ സ്‌ക്വാഡുകളാണ് പരാതികളെക്കുറിച്ച് അന്വേഷിക്കുന്നത്. ഒൻപത് വീതം ഫ്ലൈയിംഗ്, ആന്‍റീ ഡീഫേയ്‌സ്‌മെന്‍റ് സ്ക്വാഡ്, മൂന്ന് സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ഒരു വീഡിയോ സര്‍വൈലന്‍സ് ടീം എന്നിവയാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്.
തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ട ലംഘന പരിധിയിൽ വരുന്ന പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്യുന്ന പ്രവർത്തികളാണ് ജില്ലയിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മതപരമായ പ്രസംഗങ്ങൾ, ക്യാമ്പയിനുകൾ, പണം വിതരണം ചെയ്യൽ, സമ്മാന വിതരണം എന്നിവയും ജില്ലയിൽ നേരിയ തോതിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.