ആലപ്പുഴ: സര്‍ക്കാര്‍ ആരംഭിക്കുന്ന വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ കായലിലെ 14 ഇടങ്ങള്‍ കരിമീന്‍ സംരക്ഷിത സങ്കേതങ്ങളാക്കി മാറ്റുമെന്ന് ഫിഷറീസ് ഹാര്‍ബര്‍ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. മണ്ണഞ്ചേരി പഞ്ചായത്തിലെ അമ്പലക്കടവ് ആദ്യ മത്സ്യ സംരക്ഷിത മേഖലയായും മണ്ണഞ്ചേരി കിഴക്ക് കക്കാ പുനരുജ്ജീവന മേഖലയായും പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മത്സ്യബന്ധനത്തിന് അശാസ്ത്രീയ രീതികള്‍ അവലംബിക്കുന്നതിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചതോടെ മത്സ്യ ഉല്‍പാദനത്തില്‍ വര്‍ദ്ധനവ് ഉണ്ടായതായും മന്ത്രി പറഞ്ഞു. ഏറ്റം കെട്ടല്‍ നിയമ വിരുദ്ധമാണെന്നും ഇത് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. കക്ക ജലം ശുദ്ധീകരിക്കുന്നതാണെന്നും വേമ്പനാട്ടുകായല്‍ പദ്ധതിയുടെ ഭാഗമായി കക്കയ്ക്കും സംരക്ഷിതമേഖല ഒരുക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ ആദ്യ ഘട്ടമായി ജില്ലക്ക് 160 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രജനന സമയത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണത്താല്‍ മത്സ്യ ഉല്‍പാദനത്തില്‍ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. 4.8 ലക്ഷം മെട്രിക് ടണ്‍ മത്സ്യ ഉല്‍പാദനം ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 6.2 ലക്ഷം മെട്രിക് ടണായി ഉല്‍പാദനം വര്‍ധിച്ചിട്ടുണ്ട്.