ആലപ്പുഴ : കോൺഗ്രസും ബിജെപിയും തെരഞ്ഞെടുപ്പ് കാലത്ത് കുഴൽപ്പണ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസുകാർക്ക് എവിടെ നിന്നാണ് പണം വരുന്നതെന്ന് അറിയാവുന്നത് കൊണ്ടാണ് ഇക്കാര്യം പറയുന്നത്.
പിടിച്ചുകഴിഞ്ഞാൽ മാത്രമേ അത് കുഴൽപ്പണം ആവുകയുള്ളൂ. മറിച്ചായാൽ തെരഞ്ഞെടുപ്പ് ഫണ്ടെന്ന നിലയിലാവും കണക്കാക്കുക. കോൺഗ്രസിന് പണം കേരളത്തിന് പുറത്തുനിന്നും വന്നു. എഐസിസി നേതൃത്വം തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ആദ്യം 25 ലക്ഷം നൽകി.
പിന്നീട് പല ഘട്ടങ്ങളിലായി രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഓരോ മണ്ഡലത്തിലെ സ്ഥാനാർഥികൾക്കും പണം നൽകി. ഇത്തരത്തിൽ ആകെ 65 ലക്ഷമാണ് ഓരോ സ്ഥാനാർഥിക്കും ലഭിച്ചത്. ഇതൊക്കെ എവിടുന്ന് വന്നതാണെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Also Read:പത്രിക പിന്‍വലിക്കാന്‍ കോഴ : കെ സുരേന്ദ്രനെതിരെ കേസെടുത്തു
സംസ്ഥാനത്ത് സിപിഎമ്മിന് മാത്രമാണ് ഇത്തരത്തിൽ പണം വരാൻ മാർഗമില്ലാത്തത്. ട്രേഡ് യൂണിയൻ വഴിയും വ്യവസ്ഥാപിതമായ മിഷണറിയുള്ള പാർട്ടി എന്ന നിലയിലുമാണ് സിപിഎം പണം പിരിക്കുന്നത്. പണം നൽകാതെ കോൺഗ്രസുകാർ അനങ്ങുമോയെന്നും അദ്ദേഹം ചോദിച്ചു.
ഉള്ളത് പറയുമ്പോൾ താൻ കമ്മ്യൂണിസ്റ്റുകാരെ അനുകൂലിക്കുന്നു എന്ന് പറയരുത്. ബിജെപിക്കാരും കെ സുരേന്ദ്രനുമായുള്ള വിഷയം അവരുടെ ആഭ്യന്തര പ്രശ്‌നങ്ങളിൽ നിന്നുണ്ടായതാണ്. അത്തരം വിഷയങ്ങളിൽ താൻ ഇടപെടുന്നില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.