ആലപ്പുഴ: വിഴിഞ്ഞം സമരത്തിനെതിരെ ആഞ്ഞടിച്ച് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലത്തീൻ സഭയുടെ നേതൃത്വത്തിൽ നടത്തുന്ന സമരം അനാവശ്യമാണ്. വിഴിഞ്ഞം പദ്ധതിക്കെതിരെ നടക്കുന്ന സമരം വികസന വിരുദ്ധമാണ്.
ശബരിമലയിലെ സ്‌ത്രീ പ്രവേശന വിരുദ്ധ സമരം തമ്പരാക്കന്മാരുടെ ഗൂഢാലോചനയായിരുന്നു. ഈ പ്രക്ഷോഭത്തിൽ സവർണ്ണാധിപത്യത്തിനു വേണ്ടി പിന്നോക്കക്കാരെ ബലിയാടാക്കി. അത് കൊണ്ടാണ് താൻ സമരത്തിനെതിരെ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലീം ലീഗ് ചത്ത കുതിരയാണെന്ന് പറഞ്ഞെങ്കിലും, ഉറങ്ങുന്ന സിംഹമായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു. ശ്രീരാമന് മുന്നിൽ ഹനുമാൻ നിൽക്കുന്നത് പോലെയാണ് രാഷ്‌ട്രീയ നേതൃത്വങ്ങൾ മതനേതാക്കൾക്ക് മുന്നിൽ നിൽക്കുന്നത്. സർക്കാർ മതാധിപത്യത്തിന് അടിയറവ് പറയുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
ചേർത്തല എസ്‌എൻ കോളജിൽ നടന്ന എസ്‌എൻഡിപി യോഗം വാർഷിക പൊതുയോഗത്തിലെ പ്രസംഗത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.