ആലപ്പുഴ: കേരളത്തിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ബന്ധത്തിന്റെ പ്രധാന കണ്ണി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണെന്ന് കെപിസിസി മുൻ പ്രസിഡന്‍റ് വി.എം. സുധീരൻ. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകായിരുന്നു അദ്ദേഹം.
വെള്ളാപ്പള്ളി മികച്ചൊരു കച്ചവടക്കാരനാണ്. തന്റെ പദവി ഇത്ര മനോഹരമായി കച്ചവടം ചെയ്യുന്ന മറ്റൊരാളെ ഇതുവരെ കണ്ടിട്ടില്ല. ഇത് എല്ലാവരും തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാക്കുകൾക്ക് ആരും വലിയ വില നൽകില്ല. വെള്ളാപ്പള്ളി ഏത് താൽപര്യത്തിന്റെ പുറത്താണ് തന്റെ നിലപാടുകൾ പറയുന്നതെന്ന് കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാർ മനസിലാകുന്നുണ്ടെന്നും സുധീരൻ പറഞ്ഞു.
പ്രധാനമന്ത്രിക്ക് കത്തെഴുതിയ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള സാംസ്കാരിക പ്രവർത്തകർക്കെതിരെ കേസെടുത്ത നരേന്ദ്രമോദിയുടെ ശൈലിതന്നെയാണ് പി. വി. അൻവർ എം.എൽ.എയുടെ കയ്യേറ്റം ചോദ്യം ചെയ്ത് രംഗത്തെത്തിയവരെ അടിച്ചമർത്തുക വഴി പിണറായി വിജയനും പിന്തുടരുന്നത്. അരൂരിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചോദ്യം ചെയ്ത യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഷാനിമോൾ ഉസ്‌മാനെതിരെ ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടുത്തി കേസെടുത്ത പിണറായി വിജയനും നരേന്ദ്രമോദിയും തമ്മിലെന്ത് വ്യത്യാസമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. പി. വി. അൻവർ കേരള നിയമസഭയുടെ പരിസ്ഥിതി സമിതി അംഗമാണ്. നിർഭാഗ്യവശാൽ അൻവറിനെ പോലെ പരിസ്ഥിതി നിയമങ്ങൾക്ക് എതിരെ പ്രവർത്തിക്കുന്ന ഒരാൾ അത്തരത്തിലൊരു പദവി അലങ്കരിക്കുന്നത് കേരള നിയമസഭക്ക് തന്നെ നാണക്കേടാണെന്നും സുധീരൻ അഭിപ്രായപ്പെട്ടു.