കോളജ് ക്യാമ്പസിനുള്ളില്‍ അപകടകരമാം വിധം കാര്‍ റേസിംഗ് നടത്തിയ 7 വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ എടത്വാ സെന്‍റ് അലോഷ്യസ് കോളേജിലെ വിദ്യാർഥികളാണ് യാത്രയയപ്പ് ചടങ്ങിനിടെ ക്യാമ്പസിനുള്ളില്‍ സാഹസിക പ്രകടനം നടത്തിയത്.
കഴിഞ്ഞ മാസം ഇരുപത്തിയാറിനും ഈ മാസം ഒന്നിനുമായിരുന്നു ക്യാമ്പസിൽ വിദ്യാർഥികളുടെ അപകടകരമായ അഭ്യാസ പ്രകടനം നടന്നത്. ബൈക്കിലും കാറിലും ജീപ്പിലുമെത്തിയാണ് വിദ്യാര്‍ഥികള്‍ അഭ്യാസ പ്രകടനം നടത്തിയത്. കാഴ്ചക്കാരായ സഹപാഠികളുടെ എണ്ണം കൂടിയതോടെ വിദ്യാർഥികൾ അഭ്യാസവും കനപ്പിച്ചു. അപകടകരമായ ഡ്രൈവിംഗിനിടെ രണ്ട് പേർ ജീപ്പിൽ നിന്ന് തെറിച്ച് വീണു.
കോളജ് വിദ്യാര്‍ഥികള്‍
ബികോം അവസാന വർഷ വിദ്യാർഥികൾ അവരുടെ യാത്രയയപ്പ് ദിനത്തിലാണ് സാഹസിക പ്രകടനം സംഘടിപ്പിച്ചത്. ആദ്യ ദിനം തന്നെ വിലക്കിയിട്ടും കുട്ടികൾ കാര്‍ റേസിംഗുമായി മുന്നോട്ട് പോകുകയായിരുന്നുവെന്ന് കോളജ് പ്രിൻസിപ്പല്‍ അറിയിച്ചു. അതേസമയം നിയമ വിരുദ്ധ അഭ്യാസ പ്രകടനത്തിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടര്‍ കോളജ് പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടു. സംഭവം അറിഞ്ഞതോടെ മോട്ടോർ വാഹന വകുപ്പും കോളജിന് നോട്ടീസ് നൽകി.
വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്തെ സ്വകാര്യ കോളജിൽ ഓണാഘോഷത്തിനിടെ ക്യാമ്പസിനകത്ത് വാഹന അപകടം ഉണ്ടായതിനെ തുടർന്ന് ക്യാമ്പസുകളിൽ വാഹനം കയറ്റുന്നതിന് സർക്കാരും ഹൈക്കോടതിയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.