ആലപ്പുഴ : കൊവിഡ് 19 ന്‍റെ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ബാറും ബിവറേജസ് ഔട്ട്ലെറ്റുകളും പൂട്ടിയതോടെ ആലപ്പുഴയിൽ വ്യാജവാറ്റ് സജീവം. മൂന്ന് കേസുകളിലായി ഏഴ് പേരെയാണ് എക്‌സൈസും പൊലീസും പിടികൂടിയത്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി. കായംകുളം പുതുപ്പള്ളി എസ് എസ് നിവാസിൽ സുനിലിന്‍റെ വീട്ടിൽ വാറ്റ് ചാരായം വിൽക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 20 ലിറ്റർ ചാരായവും 100 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തത്.
കായംകുളം അർത്തുങ്കലിൽ നടത്തിയ റെയ്‌ഡില്‍ 30 ലിറ്റർ കോടയും, വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. തൈക്കൽ സ്വദേശികളായ നവറോജി, ഓങ്കാർജി, വിഷ്ണു, അരുൺ ബാബു, ഷിജു എന്നിവരാണ് പിടിയിലായത്. ഷിജുവിന്‍റെ വീട്ടിൽ വാറ്റുന്നതിനിടെ അർത്തുങ്കൽ പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചേർത്തല അരീപ്പറമ്പിൽ വീടിനോട് ചേർന്നുള്ള കയർ ഷെഡിൽ സൂക്ഷിച്ചിരുന്ന 140 ലിറ്റർ കോടയും, 750 എം എല്‍ ചാരായവും, വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടി. ചേർത്തല തെക്ക് പഞ്ചായത്ത് 14-ാം വാർഡിൽ രതീഷിനെ അറസ്റ്റ് ചെയ്തു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി.