ആലപ്പുഴ: കൊവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തില്‍ രോഗികള്‍ക്ക് ഡോക്‌ടര്‍മാരെ നേരില്‍ കണ്ട് ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സാധിക്കാത്ത നിലവിലെ സാഹചര്യത്തിന് പരിഹാരവുമായി വണ്ടാനം മെഡിക്കല്‍ കോളജ്. ടി ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രോഗികളെ ടെലിഫോണില്‍ ബന്ധപ്പെട്ടുകൊണ്ടാണ് പരിഹാര നടപടിക്കൊരുങ്ങുന്നത്.
ഓരോ വിഭാഗത്തിലെയും ഡോക്ടര്‍മാരുടെയും പേര്, സമയക്രമം, ഫോണ്‍ നമ്പര്‍ തുടങ്ങിയവ ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിവതും രോഗികള്‍ അതാത് ഡോക്‌ടര്‍മാരുടെ നിര്‍ദേശ പ്രകാരം മാത്രം ആശുപത്രിയില്‍ വരേണ്ടതാണ്. മരുന്നുകള്‍ ബന്ധുക്കള്‍ മുഖാന്തരം ചീട്ട് /ബുക്ക് എന്നിവ കൊടുത്തയച്ച് തുടര്‍ച്ചയായി കഴിക്കുന്ന മരുന്നുകള്‍ കൈപ്പറ്റാവുന്നതാണ്. വളരെ അടിയന്തര ചികിത്സ വേണ്ടവര്‍ മാത്രമേ മെഡിക്കല്‍ കോളജില്‍ എത്തിച്ചേരാന്‍ പാടുള്ളു.
രോഗി സന്ദര്‍ശനത്തിനായി ആരും ആശുപത്രിയില്‍ വരേണ്ടതില്ലെന്നും രോഗിക്ക് ഒരാളെ മാത്രമേ കൂട്ടിരിക്കാന്‍ അനുവദിക്കൂവെന്നും മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. മാസ്‌ക്ക്, സാമൂഹിക അകലം, കൈ വൃത്തിയാക്കല്‍ തുടങ്ങിയവ മെഡിക്കല്‍ കോളജിലും കര്‍ശനമായി പാലിക്കേണ്ടതാണ് എന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.