ആലപ്പുഴ: വേലിക്കകത്ത് വീട്ടിൽ വേലിക്കെട്ടുകൾ ഇല്ലാതെയായിരുന്നു മുൻമുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദന്‍റെ ഓണാഘോഷം. പതിവ് തെറ്റിക്കാതെ ഇത്തവണയും വി.എസ് ഓണമാഘോഷിക്കാൻ ആലപ്പുഴ പറവൂരിലുഉള്ള വേലിക്കകത്ത് വീട്ടിലെത്തി. ഇന്നലെ വൈകിട്ട് ആറു മണിയോട് കൂടിയാണ് വി.എസ് ആലപ്പുഴയിലെത്തിയത്. തിരുവോണനാളിൽ വി.എസിന്‍റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും പാർട്ടി പ്രവർത്തകരും വീട്ടിൽ എത്തുക പതിവാണ്. ഇത്തവണയും ഈ പതിവ് ആവർത്തിച്ചു.
ആലപ്പുഴ എം.പി അഡ്വ. എ.എം. ആരിഫും വി.എസിന് ഓണാശംസകളുമായി വേലിക്കകത്ത് വീട്ടിലെത്തിയിരുന്നു. ആഘോഷങ്ങളിലൊന്നും പൊതുവേ താല്‍പര്യമില്ലെങ്കിലും ഓണക്കോടികളൊക്കെ വാങ്ങുന്ന പതിവ് വി.എസ് മുടക്കാറില്ലെന്ന് ഭാര്യ വസുമതിയമ്മ പറഞ്ഞു. ഓണക്കാലം കുടുംബാംഗങ്ങളുടെ ഒത്തുചേരലാണെന്നും അത് വി.എസും ഏറെ ആഗ്രഹിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വിഭവസമൃദ്ധമായ സദ്യക്കൊപ്പം അമ്പലപ്പുഴ പാൽപ്പായസവും കഴിച്ച് ഊണ് കേമമാക്കി. മകനും ചെറുമകനും ഭാര്യക്കും മറ്റ് കുടുംബാംഗങ്ങൾക്കും ഒപ്പമായിരുന്നു വി.എസിന്‍റെ ഓണസദ്യ. രണ്ട് ദിവസത്തിനുശേഷം വി.എസ് തിരുവനന്തപുരത്തേക്ക് മടങ്ങും.