ആലപ്പുഴ : അധികാര വികേന്ദ്രീകരണത്തിനെതിരായ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. കേരളത്തിൽ ലീഡർ കെ കരുണാകരന്‍റെ ഭരണകാലത്താണ് ത്രിതല പഞ്ചായത്തുകൾക്ക് അധികാരം വീതിച്ചു നൽകുവാനും മറ്റും നിയമം ശക്തമാക്കിയത്. എന്നാൽ പിണറായി വിജയൻ സർക്കാർ ഭരണത്തിലിരുന്ന നാലര വർഷക്കാലം ആ അധികാരങ്ങളൊക്കെയും കവർന്നെടുക്കുകയാണുണ്ടായതെന്നും ഹസൻ കുറ്റപ്പെടുത്തി. അമ്പലപ്പുഴ വടക്ക് - തെക്ക് പഞ്ചായത്തുകളിലെ യുഡിഎഫ് സ്ഥാനാർഥി സംഗമം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയ്ക്ക് വേണ്ടി വികസന പ്രവർത്തനങ്ങൾ നടത്തുവാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിൽ വന്നാൽ ഇടതുസർക്കാർ കൊണ്ട് വന്ന നാല് മിഷനും പിരിച്ച് വിടാൻ തയ്യാറാകുമെന്ന് യുഡിഎഫ് കൺവീനർ വ്യക്തമാക്കി. യോഗത്തിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്‍റ് എസ് പ്രഭുകുമാർ അധ്യക്ഷത വഹിച്ചു. യുഡിഎഫ് അമ്പലപ്പുഴ കൺവീനർ എസ് സുബാഹു, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി ബിന്ദു ബൈജു, വി ആർ രജിത്ത്, വിദിൽജിത്ത് തുടങ്ങിയവർ സംസാരിച്ചു.