ആലപ്പുഴ: പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥിക്ക് 'രണ്ടില' ചിഹ്നം ലഭിച്ചില്ലെങ്കിലും മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ എംപി. കെ. എം. മാണിയുടെ അസാന്നിധ്യത്തിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ലഭിച്ചതിനേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി വിജയിക്കും. കേരള കോൺഗ്രസിന്റെ ചിഹ്നമായ രണ്ടില ചിഹ്നത്തിൽ മത്സരിക്കണമെന്നാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. അതിന് സാങ്കേതിക തടസങ്ങളില്ലെങ്കിൽ ആ ചിഹ്നത്തിൽ തന്നെ മത്സരിക്കും. സാങ്കേതികമായ നിയമ തടസങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. അതിന് സാധിച്ചില്ലെങ്കിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കാനും യുഡിഎഫ് തയ്യാറാണെന്നും ബെന്നി ബെഹനാന്‍ വ്യക്തമാക്കി.
സ്ഥാനാർഥി നിർണയം ഏകകണ്ഠമായിരുന്നു. വളരെ ഐക്യത്തോടെ കൂടിയുള്ള പ്രചരണ പരിപാടികളാണ് യുഡിഎഫ് പാലായിൽ ആരംഭിക്കാൻ പോകുന്നത്. യുഡിഎഫിന്‍റെ ശിഥിലീകരണം കോടിയേരി ബാലകൃഷ്‌ണന്‍ അന്വേഷിക്കേണ്ട കാര്യമില്ല. യുഡിഎഫിന്റെ ചിഹ്നം തീരുമാനിക്കാൻ ഞങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.